യു എ ഇ: വിദ്യാലയങ്ങൾ തുറക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി

GCC News

രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സെപ്റ്റംബറോടെ തുറന്ന് പ്രവർത്തിപ്പിക്കുന്നതിനുള്ള സാധ്യതകൾ യു എ ഇ വിദ്യാഭ്യാസ മന്ത്രാലയം ആലോചിച്ച് വരികയാണെന്ന് അധികൃതർ വ്യക്തമാക്കി. ഇതിനായി വിദ്യാലയങ്ങളിൽ നടപ്പിലാക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങൾക്ക് രൂപം നൽകിയതായും അധികൃതർ അറിയിച്ചു. ജൂൺ 22-ന് നടന്ന COVID-19 അവലോകന പത്രസമ്മേളനത്തിൽ, വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വക്താവ് അനൗദ് അബ്ദുല്ല അൽ ഹജ്ജ്, ഇത് സംബന്ധിച്ച അറിയിപ്പുകൾ പങ്ക് വെച്ചു.

യു എ ഇയിലെ സ്വകാര്യ മേഖലയിലെയും, പൊതു മേഖലയിലെയും സ്‌കൂളുകൾ, നഴ്‌സറികൾ, കോളേജുകൾ എന്നിവ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരമായിരിക്കും പ്രവർത്തനം പുനരാരംഭിക്കുക എന്നും അൽ ഹജ്ജ് അറിയിച്ചു. ഇതിന്റെ ഭാഗമായി വിദ്യാലയങ്ങളിൽ വിദ്യാർത്ഥികളുടെയും, അധ്യാപകരുടെയും, ജീവനക്കാരുടെയും ശരീരോഷ്മാവ് ദിനംതോറും പരിശോധിച്ച് രേഖപെടുത്തുന്നതുൾപ്പടെയുള്ള പ്രതിരോധ നടപടികൾ നടപ്പിലാക്കും. വിദ്യാർത്ഥികൾക്കിടയിൽ സമൂഹ അകലം ഉറപ്പാക്കിയായിരിക്കും ക്ലാസുകൾ നടത്തുക. വിദ്യാലയങ്ങളുടെ പരിസരങ്ങൾ, ക്ലാസ്മുറികൾ, ലാബുകൾ, മുതലായ എല്ലായിടങ്ങളിലും അണുവിമുക്തമാക്കുന്നതിനുള്ള നടപടികൾ ഉറപ്പാക്കും.

വിദ്യാലയങ്ങൾ തുറന്ന് പ്രവർത്തിപ്പിക്കുമ്പോൾ സുരക്ഷ ഉറപ്പാക്കാനായി മുന്നോട്ട് വെച്ചിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങൾ:
  • വിദ്യാർഥികൾ, അധ്യാപകർ, ജീവനക്കാർ എന്നിവർക്ക്, ശരീരോഷ്മാവ് ദിനംതോറും പരിശോധിച്ച് രേഖപെടുത്തുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തണം.
  • 2 മീറ്റർ എങ്കിലും സമൂഹ അകലം വിദ്യാലയങ്ങളിൽ നിർബന്ധമാണ്. ഇതിനായി ക്ലാസ്മുറികളിൽ ഒരേ സമയം അനുവദനീയമായ കുട്ടികളുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തും. സ്‌കൂൾ ബസിന്റെ പരമാവധി ശേഷിയുടെ 30% കുട്ടികൾക്ക് അനുവാദം.
  • സ്‌കൂൾ പരിസരങ്ങൾ കൃത്യമായി അണുവിമുക്തമാക്കണം.
  • കുട്ടികൾ ഭക്ഷണം പങ്ക് വെക്കുന്നത് അനുവദിക്കില്ല.
  • കുട്ടികൾ കൂട്ടം ചേരുന്നതിനുള്ള സാഹചര്യങ്ങൾ ഒഴിവാക്കും. സ്‌കൂളിൽ നിന്നുള്ള വിനോദ യാത്രകൾ, അസംബ്ലി, ആഘോഷങ്ങൾ മുതലായവ അനുവദിക്കില്ല.
  • സ്‌കൂളുകളിലെ അറ്റകുറ്റപണികൾ നടത്തുന്ന, പുറമെ നിന്നുള്ള ജീവനക്കാർക്ക്, പ്രവർത്തന സമയങ്ങളിൽ പ്രവേശനാനുവാദം നൽകില്ല.
  • കുട്ടികളുടെ ആരോഗ്യ നില രക്ഷിതാക്കൾ തുടർച്ചയായി നിരീക്ഷിക്കണമെന്നും, കൊറോണാ ബാധിതരുമായി അവർ ഇടപഴകാനിടയായാൽ ഉടൻ സ്‌കൂൾ അധികൃതരെ വിവരം അറിയിക്കണമെന്നും അറിയിച്ചിട്ടുണ്ട്.

യു എ ഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സെപ്റ്റംബറോടെ തുറന്ന് പ്രവർത്തിപ്പിക്കുന്നതിനുള്ള സാധ്യതകൾ സംബന്ധിച്ച വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കാഴ്ചപ്പാടുകളും, പദ്ധതികളും കഴിഞ്ഞ ദിവസം എഡ്യൂക്കേഷൻ ആൻഡ് ഹ്യൂമൻ റിസോഴ്സ്സ് കൗൺസിലിൽ ചർച്ച ചെയ്തിരുന്നു. H.H ഷെയ്ഖ് അബ്ദുള്ള ബിൻ സായിദ് അൽ നഹ്യാൻ അധ്യക്ഷനായ ഈ ചർച്ചയിൽ, വിദ്യാഭ്യാസ മന്ത്രി ഹുസൈൻ ബിൻ ഇബ്രാഹിം അൽ ഹമ്മാദി രാജ്യത്തെ പൊതു വിദ്യാലയങ്ങൾ, സ്വകാര്യ വിദ്യാലയങ്ങൾ, യൂണിവേഴ്സിറ്റികൾ മുതലായ സ്ഥാപനങ്ങളിൽ നടപ്പിലാക്കേണ്ട വിവിധ ആരോഗ്യ സുരക്ഷാ നടപടികളെക്കുറിച്ചും വിദ്യാലയങ്ങൾ തുറക്കുന്നതിനുള്ള സാധ്യതകളെക്കുറിച്ചും അറിയിക്കുകയുണ്ടായി. ഇതിന്റെ തുടർച്ചയായാണ് ജൂൺ 22-ന് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വക്താവ് ഇത് സംബന്ധിച്ച കൂടുതൽ തീരുമാനങ്ങൾ അറിയിച്ചത്.