കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ പ്രവാസികൾക്കായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 5000 രൂപ ധനസഹായത്തിനുള്ള അപേക്ഷതീയതി മെയ് അഞ്ച് വരെ നീട്ടി. ലോക്ഡൗണിനെ തുടർന്ന് അർഹരായ പലർക്കും സമയത്തിനുള്ളിൽ അപേക്ഷിക്കാൻ സാധിച്ചില്ലെന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് തീരുമാനം.
നോർക്ക റൂട്ട്സിന്റെ വെബ്സൈറ്റായ www.norkaroots.org വഴി ഓൺലൈനായാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. 2020 ജനുവരി ഒന്നിനോ അതിനുശേഷമോ വിദേശ രാജ്യങ്ങളിൽ നിന്നും മടങ്ങിയെത്തുകയും ലോക്ക് ഡൗൺ കാരണം തൊഴിലിടങ്ങളിലേക്ക് മടങ്ങിപോകാൻ സാധിക്കാത്തവർക്കും ഈ കാലയളവിൽ വിസാകാലാവധി കഴിഞ്ഞവർക്കുമാണ് 5000 രൂപയുടെ ധനസഹായം ലഭിക്കുക.
ധനസഹായം അപേക്ഷകന്റെ ബാങ്ക് അക്കൗണ്ടിലേക്കാണ് അയയ്ക്കുന്നത്. സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഇല്ലാത്ത പ്രവാസികൾ എൻ.ആർ.ഒ/ സ്വദേശത്തുള്ള ജോയിന്റ് ബാങ്ക് അക്കൗണ്ട് നമ്പർ എന്നിവ നൽകണം. ഇത്തരം അക്കൗണ്ട് ഇല്ലാത്തവർ ഭാര്യ/ ഭർത്താവിന്റെ ബാങ്ക് അക്കൗണ്ട് നമ്പറും ബന്ധുത്വം തെളയിക്കുന്നതിനുള്ള മതിയായ രേഖകളും സമർപ്പിക്കണം. എൻ.ആർ.ഐ അക്കൗണ്ടിലേക്ക് പണം അയയ്ക്കില്ല.
വിശദ വിവരങ്ങൾ നോർക്ക റൂട്ട്സ് വെബ്സൈറ്റായ www.norkaroots.org യിൽ ലഭ്യമാണ്.