പ്രവാസികൾക്ക് ഒമാനിൽ നിന്ന് തിരികെ മടങ്ങിയ ശേഷവും തങ്ങളുടെ ഫ്ലാറ്റുകൾ നിലനിർത്താൻ അനുമതി നൽകുമെന്ന് മന്ത്രാലയം

Oman

പ്രവാസികൾക്ക് പാർപ്പിടം സ്വന്തമാക്കുന്നതിന് അനുമതി നൽകുന്ന പദ്ധതിയുടെ കീഴിൽ ഒമാനിൽ ഫ്ലാറ്റുകൾ വാങ്ങുന്ന വിദേശികൾക്ക്, അവർ സ്വന്തം നാട്ടിലേക്ക് തിരികെ മടങ്ങിയ ശേഷവും ഇത്തരം പാർപ്പിടങ്ങൾ സ്വന്തം പേരിൽ നിലനിർത്താമെന്ന് ഒമാൻ മിനിസ്ട്രി ഓഫ് ഹൗസിങ്ങ് ആൻഡ് അർബൻ പ്ലാനിങ്ങ് (MOHUP) വ്യക്തമാക്കി. കൈവശപ്പണയാടിസ്ഥാനത്തിൽ മസ്‌കറ്റിലെ ബഹുനില പാർപ്പിടകെട്ടിടങ്ങളിലും, വാണിജ്യ കെട്ടിടങ്ങളിലും പാർപ്പിടാവശ്യത്തിനുള്ള ഇടങ്ങൾ വാങ്ങുന്ന പ്രവാസികൾക്കാണ് ഇത്തരത്തിൽ ഒമാനിൽ നിന്ന് തിരികെ മടങ്ങിയ ശേഷവും ഇത്തരം പാർപ്പിടങ്ങൾ നിലനിർത്താൻ അനുമതി നല്കിയിരിക്കുന്നത്.

“മന്ത്രാലയം അനുവദിച്ചിട്ടുള്ള മേഖലകളിൽ ബഹുനില വാണിജ്യ, പാർപ്പിട കെട്ടിടസമുച്ചയങ്ങളിൽ പാർപ്പിടാവശ്യത്തിനുള്ള ഇടങ്ങൾ വാങ്ങുന്ന പ്രവാസികൾക്ക് ഒമാനിലെ തങ്ങളുടെ തൊഴിൽ കരാർ അവസാനിച്ച ശേഷം നാട്ടിലേക്ക് തിരികെ മടങ്ങുന്ന അവസരത്തിലും, ഇത്തരം വസ്‌തുവകകളുടെ ഉടമസ്ഥാവകാശം ഉണ്ടായിരിക്കുന്നതാണ്.”, മന്ത്രാലയം വ്യക്തമാക്കി. ഇവർക്ക് ഇത്തരം പാർപ്പിടങ്ങൾ മറ്റുള്ളവർക്ക് വാടകയ്ക്ക് നൽകാൻ അനുമതിയുണ്ടെന്നും മന്ത്രാലയത്തിലെ സ്രോതസ്സുകൾ വ്യക്തമാക്കിയിട്ടുണ്ട്.

രാജ്യത്തെ 23 വയസിന് മുകളിൽ പ്രായമുള്ള പ്രവാസികൾക്ക് വീട് വാങ്ങുന്നതിനുള്ള നടപടിക്രമങ്ങൾ സംബന്ധിച്ച് MOHUP നേരത്തെ അറിയിപ്പ് നൽകിയിരുന്നു. മസ്‌കറ്റിലെ ബഹുനില പാർപ്പിടകെട്ടിടങ്ങളിലും, വാണിജ്യ കെട്ടിടങ്ങളിലും പാർപ്പിടാവശ്യത്തിനുള്ള ഇടങ്ങൾ 99 വർഷത്തേക്ക് കൈവശപ്പണയാടിസ്ഥാനത്തിൽ വാങ്ങുന്നതിനുള്ള നടപടിക്രമങ്ങളാണ് മന്ത്രാലയം പ്രഖ്യാപിച്ചിരുന്നത്.

മസ്കറ്റ് ഗവർണറേറ്റിൽ മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള ഏതാനം ഇടങ്ങളിലാണ് പ്രവാസികൾക്ക് ഇത്തരം പാർപ്പിടങ്ങൾ സ്വന്തമാക്കുന്നതിന് അനുവദിച്ചിരിക്കുന്നത്. മസ്‌കറ്റിൽ ബൗഷർ, അമീറത്ത്, അൽ സീബ് എന്നീ വിലായത്തുകളിൽ പുതിയതായി പണിതീർക്കുന്ന കെട്ടിടങ്ങളിൽ ഫ്ലാറ്റുകൾ വാങ്ങുന്നതിന് പ്രവാസികൾക്ക് നിലവിൽ അനുമതി നൽകിയിട്ടുണ്ട്. അമീറത്തിൽ അൽ അമീറത്ത് അൽ ഹാഷിയാഹ് 1, അൽ നഹ്ദ സിറ്റി ഫേസ് 2, 3, 4, 5, അൽ അമീറത്ത് അൽ മുഹജ് ഫേസ് 1, 2 എന്നിവിടങ്ങളിലും, ബൗഷറിൽ ഫേസ് 1, 2, 3, മിസ്ഫാഹ് ഫേസ് 2, ഘാല ഹൈറ്റ്സ് ഫേസ് 1, 2, ബൗഷർ അൽ വാതിയ ഫേസ് 2, അൽ ഖുവൈർ ഫേസ് 2 എന്നിവിടങ്ങളിലും, അൽ സീബിൽ അൽ മവേല 5, അൽ ഖൗദ് 2, അൽ മബേല 7 എന്നിവിടങ്ങളിലും ഈ പദ്ധതിയുടെ കീഴിൽ പ്രവാസികൾക്ക് നിലവിൽ പാർപ്പിടങ്ങൾ സ്വന്തമാക്കാവുന്നതാണ്.

അപേക്ഷ നൽകുന്ന അവസരത്തിൽ ചുരുങ്ങിയത് രണ്ട് വർഷമെങ്കിലും ഒമാനിൽ റെസിഡൻസി പെർമിറ്റിൽ താമസിച്ചിട്ടുള്ള, 23 വയസിന് മുകളിൽ പ്രായമുള്ള പ്രവാസികൾക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്. കൈവശപ്പണയാടിസ്ഥാനത്തിൽ 50 വർഷത്തേക്കാണ് (99 വർഷം വരെ നീട്ടാവുന്ന രീതിയിൽ) പ്രവാസികൾക്ക് ഇത്തരം പാർപ്പിടങ്ങൾ സ്വന്തമാക്കാൻ അനുമതി നൽകുന്നത്. മന്ത്രാലയം അനുവദിച്ചിട്ടുള്ള മേഖലകളിൽ മാത്രമാണ് ഒമാനിൽ ഇത്തരത്തിൽ പ്രവാസികൾക്ക് വസ്തു വാങ്ങുവാൻ അനുമതി നൽകിയിട്ടുള്ളത്.

ചുരുങ്ങിയത് നാല് നിലകളുള്ള കെട്ടിടങ്ങളിലാണ് ഈ നിയമപ്രകാരം പ്രവാസികൾക്ക് വസ്തു വാങ്ങാൻ സാധിക്കുക. ഇത്തരം ഓരോ യൂണിറ്റും ചുരുങ്ങിയത് രണ്ട് മുറികളും, അടുക്കള, ശുചിമുറി എന്നിവയോട് കൂടിയതും ആയിരിക്കണം.