സൗദി: പ്രവാസികൾക്ക് ആശ്രിത വിസകളിലുള്ളവരുടെ പെർമിറ്റ് തുക മൂന്ന് മാസത്തേക്ക് അടയ്ക്കുന്നതിന് അവസരം

GCC News

രാജ്യത്തെ പ്രവാസികൾക്ക് തങ്ങളുടെ കീഴിലുള്ള ആശ്രിത വിസകളിലുള്ളവരുടെ റെസിഡൻസി പെർമിറ്റ് പുതുക്കുന്ന അവസരത്തിൽ ഇതുമായി ബന്ധപ്പെട്ട ഫീസ് മൂന്ന് മാസത്തെ കാലാവധിയിലേക്ക് വീതം അടയ്ക്കുന്നതിന് അവസരം നൽകുമെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്ട്സ് അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

എല്ലാ സൗദി പ്രാദേശിക ബാങ്കുകളിലും ലഭ്യമാക്കിയിട്ടുള്ള ഗവണ്മെന്റ് പേയ്മെന്റ് സംവിധാനത്തിലൂടെ ഇത്തരം ഫീസ് മൂന്ന് മാസത്തേക്ക് അടയ്ക്കുന്നതിന് അനുമതിയുണ്ടെന്നാണ് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്ട്സ് വൃത്തങ്ങളെ ഉദ്ധരിച്ച് കൊണ്ട് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രവാസികൾക്ക് ഭാര്യ, പെൺകുട്ടികൾ, 18 വയസിന് താഴെ പ്രായമുള്ള ആൺകുട്ടികൾ എന്നിവരെ തങ്ങളുടെ ആശ്രിതരായും, 18 വയസിന് മുകളിൽ പ്രായമുള്ള ആൺകുട്ടികൾ, മാതാപിതാക്കൾ, ഭാര്യയുടെ മാതാപിതാക്കൾ, വീട്ടുജോലിക്കാർ തുടങ്ങിയവരെ സഹചാരികളായും കണക്കാക്കിക്കൊണ്ട് റെസിഡൻസി പെർമിറ്റുകൾ പുതുക്കാവുന്നതാണ്.

രാജ്യത്തെ പ്രവാസികൾക്ക് തങ്ങളുടെ റെസിഡൻസി പെർമിറ്റുകൾ (ഇഖാമ) മൂന്ന് മാസത്തേക്ക് വീതം പുതുക്കുന്നതിനുള്ള സേവനം നൽകാൻ തീരുമാനിച്ചതായി സൗദി അറേബ്യ നേരത്തെ അറിയിച്ചിരുന്നു. വ്യക്തികൾക്കുള്ള അബ്‌ഷെർ അഫ്‌റാദ് സംവിധാനത്തിലൂടെയാണ് പ്രവാസികൾക്ക് ഇഖാമ ഫീസ് മൂന്ന്, അല്ലെങ്കിൽ ആറ് മാസത്തെ കാലയളവിലേക്ക് അടയ്ക്കുന്നതിനുള്ള സേവനം നൽകുന്നത്.