നിലവിൽ രാജ്യത്തിനു പുറത്തുള്ള, കാലാവധി അവസാനിച്ച റെസിഡൻസി വിസകൾ ഉള്ളവർക്ക്, കുവൈറ്റിലേക്ക് തിരികെ പ്രവേശിക്കണമെങ്കിൽ പുതിയ വിസ നിർബന്ധമാക്കിയതായി അധികൃതർ അറിയിച്ചു. കൊറോണ വൈറസ് സാഹചര്യത്തിൽ യാത്രാവിലക്കുകൾ മൂലം തിരികെയെത്താൻ കഴിയാതിരുന്ന പ്രവാസികളിൽ, തങ്ങളുടെ രേഖകളുടെ കാലാവധി പുതുക്കാത്തവർക്ക്, ഈ നിർദ്ദേശത്തോടെ പുതിയ വിസകൾക്ക് അപേക്ഷിക്കേണ്ടതായി വരും.
ഏതാണ്ട് 40000-ത്തോളം കാലാവധി അവസാനിച്ച റെസിഡൻസി പെർമിറ്റുകൾ സമയബന്ധിതമായി പുതുക്കിയിട്ടില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
“നിലവിൽ രാജ്യത്തിന് പുറത്തുള്ള, സമയബന്ധിതമായി രേഖകൾ പുതുക്കാത്ത, കാലാവധി അവസാനിച്ച റെസിഡൻസി പെർമിറ്റ് ഉള്ളവർക്ക്, പുതിയ വിസകൾ നേടുന്നത് വരെ രാജ്യത്ത് തിരികെ പ്രവേശിക്കാൻ അനുമതി നൽകുന്നതല്ല.”, കുവൈറ്റ് റെസിഡൻസി അഫയേഴ്സ് ഡയറക്ടർ ഹമദ് റാഷിദ് അൽ തവാല വ്യക്തമാക്കി. രാജ്യത്തെ റെസിഡൻസി വിസകളുമായും, മറ്റു തരം വിസകളുമായും ബന്ധപ്പെട്ട ഫീസുകളിൽ മാറ്റങ്ങൾ കൊണ്ടുവരുന്നതിനുള്ള നിയമത്തിനു അധികൃതർ രൂപം നൽകികൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.