വൈകുന്നേരം വീടിന്റെ പിൻവശത്തെ പാടത്തു വെറുതെ ഇരുന്ന് നേരം കളയുമ്പോൾ, പശുവിനെ തീറ്റിക്കാനും അതിന് പുല്ല് അരിഞ്ഞെടുക്കാനും കേശവേട്ടനും, വേലായുധേട്ടനുമുണ്ടാകുമായിരുന്നു. എന്റെ വീട്ടിലെ വിശേഷങ്ങൾ ചോദിച്ചും, പഴയകാല ഓർമ്മകൾ നിരത്തിയും ഞങ്ങൾ അങ്ങനെ ഇരുന്ന് നേരം കളയും. ഇടിയാട്ടയിൽ താഴം അന്നും ഇന്നും പ്രകൃതി തന്ന സൗന്ദര്യ വശ്യ ചാരുത നിറഞ്ഞത് തന്നെ.
അവരുടെയെല്ലാം പ്രധാന ജീവിത മാർഗ്ഗം ആ പശുക്കിടങ്ങളാണ്. എന്നും പതിവ് തെറ്റാതെ ഞങ്ങളൊക്കെ ആ പാതി തകർന്ന മതിലിൽ സ്ഥാനം പിടിക്കും. കുറച്ചു കുട്ടികൾ സൈക്കിൾ ചവിട്ടാനും, മറ്റു ചിലർ എന്നെ പോലെ തന്നെ വെറുതെ ഇരിക്കാനും അവിടെ പല സ്ഥലങ്ങൾ സ്വന്തമാക്കും.
പുന്നയൂർക്കുളം, വടക്കേക്കാട് പഞ്ചായത്തുകൾ തമ്മിൽ സലാം ചൊല്ലി കൈകൾ കോർത്ത് നിൽക്കുന്ന ഭാഗമാണ് അവിടം. അത്കൊണ്ട് തന്നെ ഇരു പഞ്ചായത്തുക്കാരും അവിടേക്ക് നിത്യ സന്ദർശകരാണ്.
കുശലന്വഷണം പറഞ്ഞു തീരുമ്പോളേക്കും, മഗ്‌രിബ് ബാങ്കിനുള്ള സമയം മുന്നില്ലെത്തിയിട്ടുണ്ടാകും. അപ്പോളേക്കും കേശവേട്ടൻ പറയും ‘ബാങ്ക് വിളിക്കാനായി, അതിനു മുമ്പ് ഇവരെ തൊഴുത്തിലാക്കണം‘. ചില ദിവസങ്ങൾ ബാങ്ക് വിളിക്കുമ്പോളും അവരവിടെ ഉണ്ടാകും. അപ്പോൾ അത് കഴിയുന്ന വരെ ഒന്നും മിണ്ടാതെ നിക്കും. അതൊന്നും ബാങ്ക് വിളിയുടെ ഗുണഭോക്താക്കളിൽ കൂടുതലും കണ്ടിട്ടില്ല.
തൊട്ടപ്പുറത്ത് തന്നെ മുഖത്തോട് മുഖം നോക്കി നിൽക്കുന്ന ഭഗവതിയുടെ അമ്പലവും, അഞ്ചു നേരം ബാങ്ക് വിളി കേൾക്കുന്ന പള്ളിയും കാണാം. അമ്പലത്തിൽ എല്ലാ ദിവസവും അഞ്ചു മണിയായാൽ ഭക്തി ഗാനങ്ങൾ കൊണ്ട് പ്രകൃതിയെ സന്ധ്യയിലേക്ക് വിളിച്ചു കയറ്റുന്നതും കാണാം. എന്നാൽ ആ ഗാനം പള്ളിയിൽ ബാങ്ക് വിളിക്കുന്നതിനു നിമിഷങ്ങൾക്ക് മുമ്പ് നിർത്തുകയും, ശേഷം ബാങ്ക് വിളിക്കുന്നതും അവിടെ നിത്യ കാഴ്ചയാണ്. ഇതൊന്നും ആരും പറഞ്ഞു ചെയ്യിച്ചതല്ല എന്നതാണ് ഞങ്ങളുടെ നാടിന്റെ സാഹോദര്യത്തെ ഉയർത്തികാട്ടുന്നത്.
എല്ല ദിവസം അമ്പലത്തിൽ പാട്ട് വെച്ചാൽ എന്റെ ഉമ്മ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. അത് കേൾക്കുമ്പോൾ മനസ്സിൽ വല്ലാത്ത ഒരു സങ്കടമാണ് എന്ന്. ഉമ്മയുടെ കുട്ടിക്കാലത്തെ കുറിച്ച് ഓർത്തു പോകാറുണ്ടത്രെ.
പിന്നീട് ആ ഒറ്റപ്പെട്ട, ഞങ്ങളുടെ വൈകുന്നേരത്തെ ആശ്രയ കേന്ദ്രം ലഹരി ഉപയോക്താക്കളുടെ സ്ഥിരം കേന്ദ്രമായി മാറി. അതോടെ ഞാനും മെല്ലെ മെല്ലെ അവിടത്തോട് സലാം പറഞ്ഞു. കുറച്ചപ്പുറത്തുള്ള പാലത്തിങ്കൽ സ്ഥാനം പിടിച്ചു. അവിടുന്ന് കുറെ നല്ല സൗഹൃദങ്ങളെയും കിട്ടി.
വർഷങ്ങൾ കഴിഞ്ഞു, മാസങ്ങൾക്ക് മുമ്പ് വരെ (പ്രവാസത്തിനു മുമ്പ്) സുബ്ഹി നിസ്ക്കാരിക്കാൻ പള്ളിയിൽ പോകുമ്പോൾ കേൾക്കാം, കപ്ലെങ്ങാട് അമ്പലത്തിൽ നിന്നും, മഞ്ചിറ അമ്പലത്തിൽ നിന്നും പ്രഭാത പ്രകീർത്ഥനങ്ങൾ. അത് കേൾക്കുമ്പോളാണ് ഞാൻ പള്ളിയിലെ ജമാഅത്തിന്റെ (സംഘടിത നിസ്ക്കാരം) സമയം നിർണ്ണയിച്ചിരുന്നത്.
മതങ്ങൾ ഏതായാലും ആചാരങ്ങളെയും അനുഷ്ടാനങ്ങളെയും ബഹുമാനിക്കാൻ മാത്രം അറിയുന്ന നാട്ടിലെ ഒരു നാട്ടുകാരൻ മാത്രമാണ് ഞാൻ.
തയ്യാറാക്കിയത്: ഒമർ നെല്ലിക്കൽ (Omer Bin AbdulKader Nellikel)
Cover Photo: sivaprasadvr88 (Pixabay)