ഉടയോനൊരു കത്ത്…

Ezhuthupura

ആത്മഹൂതി ചെയ്ത ഓരോ കർഷകനും ഈ പ്രപഞ്ചത്തിന്റെ ഉടയോനെഴുതാൻ കൊതിച്ച കത്തായിരിക്കാം ഇതെന്ന് തോന്നുന്നു… അറിയില്ല, ഒന്നും അറിയില്ലെന്ന് നടിക്കുന്നതാണ് ഇന്നത്തെ കാലത്തിന്റെ പ്രായോഗികത്വം (Practicability) അതുകൊണ്ട് അറിയില്ല…ഒന്നും അറിയില്ല

പ്രിയപ്പെട്ട ഉടയോനറിയാൻ,

“പഠിപ്പിച്ചു തന്നെൻ പൂർവ്വികർ…

വിത്ത് പാകാൻ പഠിപ്പിച്ചതും പൂർവ്വികർ…

നിലമൊന്നിൽ കയ്യും, മെയ്യും, മനസ്സും ഒരുമിച്ചാൽ…

വിളവ് ലഭിച്ചിടും എന്നോതിയതും എൻ പൂർവ്വികർ.”

കാർന്നോന്മാർ പറഞ്ഞത് പ്രകാരം ഞാനും ഒരു കർഷകവേഷമണിഞ്ഞു…

ഭൂമിയെ സ്നേഹിച്ചു, മഴയെ വിശ്വസിച്ചു , വിത്തുകൾ പാകി… എന്നെയും എന്റെ കുടുംബത്തെയും പുലർത്താനുള്ള വിള ആ ഭൂമി എനിക്ക് നൽകി…സന്തോഷത്തിന്റെ പൊൻകതിരുകൾ ജീവിതത്തിൽ നിറഞ്ഞു… ഒരു പറ വിത്തിൽ നിന്നു ഒരായിരം പറ കൊയ്തെടുത്തു…ഇടയ്ക്കെപ്പോഴോ മഴ തെറ്റിപെയ്തു… മണ്ണറിയാത്ത വളങ്ങൾ ആ മണ്ണിനെ നിയന്ത്രിക്കാൻ നിർബന്ധിതമായി… കൃഷിയിടങ്ങൾ തമ്മിൽ അതിർത്തി തർക്കവും വെള്ളത്തെ ചൊല്ലിയുള്ള തർക്കങ്ങളും മൂർച്ഛിച്ചു…പലപ്പോഴും വിളകൾ വെള്ളത്തിൽ ഒലിച്ചുപോയിത്തുടങ്ങി…കിട്ടിയ വിലയ്ക്ക് വിളകൾ വിൽക്കാൻ ബാധ്യസ്ഥരായി…

രക്ഷകരുടെ വേഷത്തിൽ ചിലർ സംഭരണ കണക്കുകൾ നിരത്തി ഇടനിലക്കാരായി ഞങ്ങളെ കബളിപ്പിച്ചു… പൂർവ്വിക പഠനം പോരാ, മാറ്റം കൊണ്ടുവരണമെന്നായി… വിളകൾക്ക് വേണ്ടി കാത്തിരിക്കാൻ കഴിയില്ല അതുകൊണ്ട് വളരെ പെട്ടന്ന് വിളവെടുക്കാനായി പല രീതിയിലുള്ള വിഷങ്ങൾ ഭൂമിയിൽ പരീക്ഷിക്കണമെന്നായി… അവര് പറയുന്നതുപോലെ പുതിയ രീതിയിൽ  കലപ്പകൾ ചലിക്കാൻ തുടങ്ങി…

പുതിയ വിത്തുകളും, കീടനാശിനികളും വാങ്ങിക്കാൻ പണം തികയാതെ വന്നപ്പോഴും ഒരു ഉപാധിയുമായി രക്ഷകരെത്തി… അവർ പറഞ്ഞതനുസരിച്ചു ബാങ്കുകൾ വന്നു വേണ്ട പണം തന്നു… അവിടെയും ഇവിടെയും ഒപ്പുകൾ മേടിച്ചു… മണ്ണിലും കൂട്ടത്തിൽ പത്രത്തിലും തള്ളവിരലിൽ വിഷം പുരട്ടി ഒപ്പിട്ടു…  “വിളയറിഞ്ഞും , മണ്ണറിഞ്ഞും വിത്തെറിയണം” എന്ന പൂർവ്വിക വാക്യങ്ങളെ ചിരിച്ചു മറന്നു പോയ നാളുകൾ…ആ കട പ്രമാണത്തിൽ ഒപ്പിട്ടു വിത്തെറിഞ്ഞു, വിഷം തളിച്ചു, കള മാന്താൻ വരെ യന്ത്രങ്ങൾ…അതിനിടയിൽ വരമ്പിൽ അങ്ങിങ്ങായി തവളകളും, ഞണ്ടുകളും ചത്തുപൊന്തുന്നത് കണ്ടില്ലെന്നു നടിച്ചു…

ഈയിടെയായി തുമ്പികളും, അടയ്ക്കാ കുരുവികളും വിരളമാണെന്ന സൊറ പറച്ചിലുകളിൽ മുഴുകി… ബാങ്കിൽ നിന്നും ആദ്യ കത്ത് വന്നു… സാറന്മാർ പറഞ്ഞു “പേടിക്കേണ്ട അടുത്ത തവണ ഞങ്ങളല്ലേ!”… കടങ്ങളെല്ലാം എഴുതിത്തള്ളുമത്രെ… എല്ലാം വിശ്വസിച്ച ഞങ്ങൾ അതും വിശ്വസിച്ചു… താങ്ങുവില കിട്ടാത്തതുകൊണ്ട് പട്ടിണി മൂർച്ഛിച്ചു… കുട്ടികൾക്ക് പാത്രത്തിലിട്ട് കൊടുക്കാൻ ബാങ്കിലെ ആ കടപ്പത്രം മാത്രം ബാക്കിയായി… തവണകൾ മുടങ്ങുന്നതുകൊണ്ട് കത്തുകൾ വന്നു കൊണ്ടേയിരുന്നു…

മുൻപെല്ലാം ഒരു പറ ആയിരം പറയായതിനേക്കാൾ വേഗത്തിൽ കടം പെരുകി വീർത്തു… “ശ്വാസം മുട്ടുന്നതുപോലെ കാർന്നോന്മാരെ… വേറെ തൊഴിലൊന്നും അറിയില്ല… മഴ തെറ്റി, മണ്ണ് തെറ്റി, ചൂട് തെറ്റി അവസാനം എന്റെ കണക്കുകളും തെറ്റിപോകുന്നു…“

ഇനി ബാങ്കിൽ നിന്നു പറകൊട്ടി പ്രമാണം കൈക്കലാക്കി സ്ഥലവും അവർ കൊണ്ടുപോകും എന്നാണു തീർപ്പ്… കാടാശ്വാസം പറഞ്ഞു വോട്ടു മേടിച്ചവർ പുറം തിരിച്ചു കാട്ടുന്നു… ബാക്കിയൊക്കെ അവിടെ വന്നിട്ട് പറയാം… കയർ പുതിയതല്ല… ഇതിനു മുൻപേ കൃഷിയിൽ തോറ്റ ആരോ ഉപയോഗിച്ചതാണ്… നന്നായി മുറുക്കിയിട്ടുണ്ട്… നിലത്തു തെളിച്ച വിഷത്തിന്റെ ബാക്കി മക്കൾക്കും കുടുംബത്തിനും കൊടുത്തു, ഇനിയെങ്കിലും അവർ സ്വസ്ഥമായുറങ്ങട്ടെ, ഞാനും…

ഭൂമി ചതിക്കില്ലെന്ന് കാർന്നോന്മാർ പറഞ്ഞിട്ടുണ്ട്…എന്നാൽ ഭൂമിയിലുള്ള സഹ ജീവികൾ ചതിക്കും, അത് കണ്ട് ചിലർ ലാഭമെടുക്കും…ചിലർ ചിരിക്കും… ചിലർ സങ്കടപ്പെടും… പക്ഷെ പരിഹാരങ്ങൾ മാത്രം കാണുന്നില്ല…

എന്ന് സ്വന്തം
മണ്ണിന്റെ അടിമ…

അടിക്കടിയുള്ള കർഷകാത്മഹത്യകൾക്ക് പരിഹാരം തീർച്ചയായും ഉണ്ട്…കൃഷിയിലെ ശാസ്ത്രീയതയ്‌ക്കൊപ്പം അവയുടെ വിപണന സമ്പ്രദായം കൂടി പകർന്നു കൊടുക്കുകയും, അവരെ വെറും വോട്ടു കലപ്പകളാക്കാതിരിക്കുകയും  ചെയ്‌താൽ നന്നെന്നു തോന്നുന്നു… പറഞ്ഞല്ലോ!, തോന്നൽ മാത്രമാണ്, വിഡ്ഢിത്തരമായിരിക്കാം പക്ഷെ മരണങ്ങൾ യാഥാർഥ്യങ്ങളാണ്…അവരാരും അങ്ങിനെ മരണത്തെ ഇഷ്ട്ടപെട്ടവരായിരിക്കില്ല…തോറ്റു മരിക്കുന്നതിന്റെ വേദന അനുഭവിച്ചായിരിക്കും അവരെല്ലാം ഈ ലോകത്തോട് വിടപറഞ്ഞിട്ടുണ്ടാവുക… അത് നമ്മുടെ ഏവരുടെ  മനസ്സുകളെയും വേദനിപ്പിക്കുന്നതായി തോന്നുന്നു…

നിർത്തുന്നു, എല്ലാം ഉടയോൻ സാക്ഷി… 

സസ്നേഹം 

ബാബു വിജയൻ 
അബുദാബി

Leave a Reply

Your email address will not be published. Required fields are marked *