ദുബായ്: സ്‌കൂളുകളിലും, യൂണിവേഴ്സിറ്റികളിലും ഔട്ഡോർ ഇടങ്ങളിൽ മാസ്കുകൾ നിർബന്ധമല്ലെന്ന് KHDA

UAE

എമിറേറ്റിലെ സ്‌കൂളുകളുടെയും, യൂണിവേഴ്സിറ്റികളുടെയും ഔട്ഡോർ ഇടങ്ങളിൽ മാസ്കുകൾ നിർബന്ധമല്ലെന്ന് ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡവലപ്മെന്റ് അതോറിറ്റി (KHDA) വ്യക്തമാക്കി. 2022 മാർച്ച് 2-ന് രാത്രി KHDA ഇത് സംബന്ധിച്ച ഒരു അറിയിപ്പ് പുറത്തിറക്കിയിരുന്നു.

ഈ അറിയിപ്പ് പ്രകാരം, കിന്റർഗാർട്ടനുകൾക്കും ഈ ഇളവ് ബാധകമാണ്. ദുബായിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടപ്പിലാക്കുന്ന ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളിലാണ് KHDA ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വിദ്യാലയങ്ങളിലെ ഇൻഡോർ ഇടങ്ങളിൽ മാസ്കുകൾ നിർബന്ധമാണ്.

COVID-19 രോഗബാധിതരുമായി സമ്പർക്കത്തിനിടയായിട്ടുള്ള വിദ്യാർത്ഥികൾ, അധ്യാപകർ, ജീവനക്കാർ എന്നവർക്ക് രോഗലക്ഷണങ്ങൾ ഇല്ലെങ്കിൽ ഐസൊലേഷൻ ആവശ്യമില്ലെന്നും, ഇവർക്ക് വിദ്യാലയങ്ങളിൽ നേരിട്ടെത്തമെന്നും KHDA വ്യക്തമാക്കിയിട്ടുണ്ട്.

വിദ്യാർത്ഥികൾക്കിടയിലെ സാമൂഹിക അകലം, കൈകളുടെ ശുചിത്വം, അണുനശീകരണം, രോഗബാധിതരുമായി സമ്പർക്കത്തിനിടയായവരുടെ വിവരങ്ങൾ രേഖപ്പെടുത്തൽ, ദുബായ് ആരോഗ്യ അധികൃതർ നൽകുന്ന സുരക്ഷാ നിബന്ധനകൾ നടപ്പിലാക്കൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ തുടരുന്നതാണ്. രോഗലക്ഷണങ്ങൾ പ്രകടമാക്കുന്ന സമ്പർക്ക പട്ടികയിലുള്ളവർക്ക് വിദ്യാലയങ്ങളിലേക്ക് പ്രവേശിക്കാൻ അനുമതി നൽകുന്നതല്ല. രോഗബാധ സ്ഥിരീകരിക്കുന്നവർ 10 ദിവസം ഐസൊലേഷനിൽ തുടരേണ്ടതാണെന്നും KHDA കൂട്ടിച്ചേർത്തു.

2022 ഫെബ്രുവരി 26 മുതൽ ദുബായിലെ ഔട്ഡോർ ഇടങ്ങളിൽ മാസ്കുകൾ ഒഴിവാക്കാൻ എമിറേറ്റിലെ സുപ്രീം കമ്മറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് തീരുമാനിച്ചിരുന്നു.