യു എ ഇ: സർക്കാർ സ്ഥാപനങ്ങളിൽ പാലിക്കേണ്ട COVID-19 പ്രതിരോധ നടപടികളെക്കുറിച്ച് FAHR അറിയിപ്പ് നൽകി

UAE

രാജ്യത്തെ സർക്കാർ സ്ഥാപനങ്ങളിൽ പാലിക്കേണ്ടതായ പുതുക്കിയ COVID-19 പ്രതിരോധ നടപടികളെക്കുറിച്ച് യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് (FAHR) അറിയിപ്പ് പുറത്തിറക്കി. ഇത് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം FAHR എല്ലാ മന്ത്രാലയങ്ങൾക്കും ഫെഡറൽ സ്ഥാപനങ്ങൾക്കും അയച്ചിട്ടുണ്ട്.

ഈ അറിയിപ്പ് പ്രകാരം ഫെഡറൽ ഗവൺമെന്റ് സ്ഥാപനങ്ങളുടെ പ്രവർത്തനം സുഗമമാക്കുന്നതിനായി COVID-19 പ്രതിരോധ നടപടികളുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എല്ലാം ഗ്രീൻ പാസ് പ്രോട്ടോക്കോൾ അനുസരിച്ച് ക്രമീകരിക്കുന്നതിന് FAHR തീരുമാനിച്ചിട്ടുണ്ട്. ഈ അറിയിപ്പ് പ്രകാരം രാജ്യത്തെ സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തനം താഴെ പറയുന്ന നിബന്ധനകൾക്ക് വിധേയമായിട്ടായിരിക്കും:

  • ഈ അറിയിപ്പ് പ്രകാരം, മുഴുവൻ ഫെഡറൽ ഗവൺമെന്റ് ജീവനക്കാരും COVID-19 ബൂസ്റ്റർ ഡോസ് എടുക്കേണ്ടതാണ്. ഇത് നടപ്പിലാക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ മന്ത്രാലയങ്ങളോടും ഫെഡറൽ അധികാരികളോടും അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.
  • ഈ അറിയിപ്പ് പ്രകാരം, 2022 ജനുവരി 3 മുതൽ COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാത്ത ജീവനക്കാർക്ക് ഫെഡറൽ ഗവൺമെന്റ് സ്ഥാപനങ്ങളിലേക്ക് പ്രവേശനം അനുവദിക്കില്ല. ഫെഡറൽ ഗവൺമെന്റ് സ്ഥാപനങ്ങൾ തങ്ങളുടെ ജീവനക്കാരോട് എത്രയും വേഗം വാക്സിനേഷൻ പൂർത്തിയാക്കാൻ പ്രേരിപ്പിക്കേണ്ടതാണെന്നും ഈ വിജ്ഞാപനം വ്യക്തമാക്കുന്നു.
  • COVID-19 പോസിറ്റീവ് ആയിട്ടുള്ള ജീവനക്കാരുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ നിയന്ത്രിക്കാനും, COVID-19 ഉണ്ടെന്ന് സംശയിക്കുന്നതോ സ്ഥിരീകരിച്ചതോ ആയ ജീവനക്കാരുമായി ഇടപെടുന്നതിനുമായി FAHR പുറത്തിറക്കിയിട്ടുള്ള നിർദ്ദേശ മാനുവൽ ഒരു റഫറൻസായി ഉപയോഗിച്ച് കൊണ്ട് കോൺടാക്റ്റ് ട്രെയ്‌സിംഗ് നടത്താനും അതോറിറ്റി എല്ലാ ഫെഡറൽ സർക്കാർ സ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.