വളർന്നു വരുന്ന തലമുറയിലെ മയക്കുമരുന്ന് പോലുള്ള ലഹരികളുടെ ഉപയോഗം ചെറുക്കുന്നതിൽ കുടുംബങ്ങബന്ധങ്ങൾക്കുള്ള പ്രാധാന്യം ഓർമ്മിപ്പിച്ച് അബുദാബി പോലീസ്. കുട്ടികൾ വളർന്നു വരുന്ന പ്രായത്തിൽ, പ്രത്യേകിച്ചും കൗമാരപ്രായത്തിൽ, അവരിൽ പ്രകടമാകുന്ന പെരുമാറ്റരീതികളിലെ മാറ്റങ്ങൾ എന്തുകൊണ്ടാണെന്ന് കണ്ടെത്തുന്നതിൽ കുടുംബങ്ങൾക്ക് വലിയ പ്രാധാന്യമുണ്ടെന്ന് അബുദാബി പോലീസ് കമാണ്ടർ ഇൻ ചീഫ് മേജർ ജനറൽ ഫാരിസ് ഖലാഫ് അൽ മസ്റൂയി സമൂഹത്തെ ഓർമ്മപ്പെടുത്തി. ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് നൽകിയ പ്രത്യേക സന്ദേശത്തിലാണ് അദ്ദേഹം ഇത് അറിയിച്ചത്.
കുടുംബാംഗങ്ങളുടെ ഇടയിൽ ഊഷ്മളമായ അന്തരീക്ഷം സൃഷ്ടിക്കുന്നതും, എന്തും തുറന്ന് ചർച്ചചെയ്യുന്നതിനുള്ള മാനസിക അടുപ്പം കുടുംബങ്ങളിൽ വളർത്തേണ്ടതും ഇത്തരം ലഹരികളിലേക്ക് കുട്ടികൾ വഴിതെറ്റാതിരിക്കാൻ അത്യാവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കുട്ടികളിലെ മയക്കു മരുന്ന് പോലുള്ള ലഹരിയുടെ ഉപയോഗം തടയുന്നതിനുള്ള ആദ്യ സംരക്ഷണ കവചം കുടുംബബന്ധങ്ങളാണെന്ന് വിശേഷിപ്പിച്ച മേജർ ജനറൽ അൽ മസ്റൂയി, കുടുംബങ്ങളിലെ സുദൃഢമായ അന്തരീക്ഷത്തിന്റെ പ്രാധാന്യത്തെ ജനങ്ങളെ ഓർമ്മപ്പെടുത്തി.
ഇതിനായി സ്നേഹം, കരുതൽ, തിരിച്ചറിവ്, പരസ്പര വിശ്വാസം മുതലായവ കുടുംബങ്ങളിൽ വളർത്തേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കുട്ടികൾക്ക് എന്തും തുറന്ന് സംസാരിക്കാനുള്ള അവസരങ്ങൾ കുടുംബങ്ങളിൽ ഉണ്ടാകണമെന്നും, രക്ഷിതാക്കൾ അവർക്ക് നിരന്തര വഴികാട്ടികളാകാനും, അവരിൽ കരുണ, സര്ഗ്ഗശേഷികൾ മുതലായവ പ്രോത്സാഹിപ്പിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.
നിലവിൽ ദേശീയ തലത്തിൽ, മയക്കുമരുന്നിന്റെ ഉപയോഗം തടയുന്നതിൽ രാജ്യം നടത്തിവരുന്ന ശക്തമായ പ്രയത്നങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ഈ പ്രവർത്തനങ്ങളിൽ ഓരോ രക്ഷിതാക്കളോടും, കുടുംബങ്ങളോടും പങ്കാളികളാകാനും അദ്ദേഹം ആവശ്യപ്പെട്ടു. മയക്കുമരുന്ന് എന്ന വിപത്തിനെതിരെ അബുദാബി അതിനൂതനമായ സാങ്കേതികവിദ്യകളുടെ സഹായമുൾപ്പടെ ആവശ്യമായ എല്ലാ നടപടികളും എടുത്തുവരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.