കുടുംബസംഗമങ്ങൾ പോലുള്ള ആളുകൾ ഒത്ത് ചേരുന്ന ചടങ്ങുകൾ രാജ്യത്ത് COVID-19 വ്യാപനത്തിനിടയാക്കുന്നതായി ബഹ്‌റൈനിലെ പബ്ലിക് സെക്യൂരിറ്റി ഫോർ ഓപ്പറേഷൻസ് ആൻഡ് ട്രെയിനിങ്ങ് അഫയേഴ്‌സ് അസിസ്റ്റന്റ് ചീഫ് ബ്രിഗേഡിയർ ഡോ. ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഖലീഫ വ്യക്തമാക്കി. കഴിഞ്ഞ ഏതാനം ദിനങ്ങളിലായി രാജ്യത്തെ COVID-19 രോഗബാധിതരുടെ എണ്ണം ഉയരുന്നതിന് ഇത് ഒരു പ്രധാന കാരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാർച്ച് 13-നാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ വിവിധ ഇടങ്ങളിൽ ഏർപ്പെടുത്തിയിട്ടുള്ള COVID-19 പ്രതിരോധ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ അദ്ദേഹം പൊതുസമൂഹത്തോട് ആവശ്യപ്പെട്ടു. രോഗവ്യാപനം തടയുന്നതിനായി തൊഴിലിടങ്ങൾ, വാണിജ്യ കേന്ദ്രങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, പ്രാർത്ഥനാ കേന്ദ്രങ്ങൾ മുതലായ ഇടങ്ങളിൽ ഏർപ്പെടുത്തിയിട്ടുള്ള വിവിധ സുരക്ഷാ നിർദ്ദേശങ്ങൾ തുടരേണ്ടത് വളരെ പ്രധാനമാണെന്ന് അദ്ദേഹം ജനങ്ങളെ ഓർമ്മപ്പെടുത്തി.
കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ പൊതുസമൂഹത്തിൽ ഈ രോഗത്തിനെതിരെയുള്ള അവബോധം വളരെ വലിയ പങ്ക് വഹിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. COVID-19 വ്യാപനം തടയുന്നതിനായി സുരക്ഷാ പരിശോധനകൾ ആഭ്യന്തര മന്ത്രാലയം ശക്തമാക്കിയതായും അദ്ദേഹം വ്യക്തമാക്കി.
ബഹ്‌റൈനിൽ പൊതുഇടങ്ങളിൽ മാസ്കുകൾ ഉപയോഗിക്കുന്നതിൽ വീഴ്ച്ച വരുത്തിയ 58357 പേർക്കെതിരെ ഇതുവരെ നടപടികൾ കൈക്കൊണ്ടതായി അദ്ദേഹം അറിയിച്ചു. സമൂഹ അകലം പാലിക്കാത്തതിന് 8475 പേർക്കെതിരെ നടപടിയെടുത്തതായും അദ്ദേഹം വ്യക്തമാക്കി. മാർച്ച് 11 വരെ രാജ്യവ്യാപകമായി ഏതാണ്ട് 6686 ബോധവത്‌കരണ പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.