ഫാമിലി വിസിറ്റ് വിസകൾ ഇഖാമയിലേക്ക് (റെസിഡൻസി വിസ) മാറ്റാമെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്സ് (ജവാസത്) അറിയിച്ചു. ഇത്തരത്തിലുള്ള റിപ്പോർട്ടുകൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്ന സാഹചര്യത്തിലാണ് ജവാസത് ഇത് സംബന്ധിച്ച വ്യക്തത നൽകിയത്.
ഫാമിലി വിസിറ്റ് വിസകൾ റെസിഡൻസി വിസയിലേക്ക് മാറ്റുന്നത് സംബന്ധിച്ച് ഔദ്യോഗിക വിജ്ഞാപനങ്ങളൊന്നും തന്നെ നിലവിൽ പുറത്തിറക്കിയിട്ടില്ലെന്ന് ജവാസത് സ്ഥിരീകരിച്ചു. നിലവിലെ നിയമങ്ങൾ ഇത് അനുവദിക്കുന്നില്ലെന്നും ജവാസത് കൂട്ടിച്ചേർത്തു.
ഇത് സംബന്ധിച്ച് പുതിയ തീരുമാനങ്ങൾ വരുന്ന സാഹചര്യത്തിൽ അതുമായി ബന്ധപ്പെട്ട അറിയിപ്പുകൾ ഔദ്യോഗിക സ്രോതസുകളിലൂടെ അറിയിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.