യു എ ഇയുടെ അമ്പതാം ദേശീയ ദിനാഘോഷം: സുരക്ഷാ നിബന്ധനകൾ സംബന്ധിച്ച് NCEMA അറിയിപ്പ് പുറത്തിറക്കി

featured GCC News

യു എ ഇയുടെ അമ്പതാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യവ്യാപകമായി നടപ്പിലാക്കുന്ന സുരക്ഷാ നിബന്ധനകൾ സംബന്ധിച്ച് നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിപ്പ് നൽകി. 2021 നവംബർ 2-ന് വൈകീട്ടാണ് NCEMA ഇക്കാര്യം അറിയിച്ചത്.

ചൊവ്വാഴ്ച്ച നടന്ന NCEMA-യുടെ പത്രസമ്മേളനത്തിലാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഈ അറിയിപ്പ് പ്രകാരം അമ്പതാം ദേശീയ ദിനാഘോഷ പരിപാടികൾക്ക് താഴെ പറയുന്ന നിബന്ധനകൾ ബാധകമാകുന്നതാണ്:

  • COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ എല്ലാ പ്രായവിഭാഗങ്ങളിലുള്ളവർക്കും നാഷണൽ ഡേ പരിപാടികളിൽ പങ്കെടുക്കാവുന്നതാണ്. അൽ ഹോസൻ ആപ്പിൽ ഗ്രീൻ പാസ് ഉള്ള രണ്ടാം ഡോസ് വാക്സിനെടുത്ത് 14 ദിവസം പൂർത്തിയാക്കിയവർ, ബൂസ്റ്റർ ഡോസ് വാക്സിനെടുത്തവർ എന്നീ വിഭാഗങ്ങൾക്ക് നാഷണൽ ഡേ പരിപാടികളിലേക്ക് പ്രവേശനം അനുവദിക്കുന്നതാണ്.
  • നാഷണൽ ഡേ പരിപാടികളിൽ പങ്ക് ചേരുന്നവർക്ക് 96 മണിക്കൂറിനിടയിൽ ലഭിച്ച COVID-19 PCR നെഗറ്റീവ് റിസൾട്ട് നിർബന്ധമാണ്.
  • ഇത്തരം പരിപാടികളിൽ 80 ശതമാനം ശേഷിയിൽ പങ്കാളിത്തം അനുവദിച്ചിട്ടുണ്ട്.
  • പങ്കെടുക്കുന്ന മുഴുവൻ വ്യക്തികളുടെയും ശരീരോഷ്മാവ് പരിശോധിക്കേണ്ടതാണ്.
  • പങ്കെടുക്കുന്ന മുഴുവൻ വ്യക്തികളും മാസ്കുകൾ ഉപയോഗിക്കേണ്ടതാണ്.
  • പങ്കെടുക്കുന്ന മുഴുവൻ വ്യക്തികളും 1.5 മീറ്റർ സമൂഹ അകലം ഉറപ്പാക്കേണ്ടതാണ്. ഒരേ കുടുംബത്തിലുള്ളവർക്ക് മാത്രമാണ് ഇതിൽ ഇളവ് അനുവദിക്കുന്നത്.
  • ഹസ്തദാനം, ആലിംഗനം മുതലായ അഭിവാദന രീതികൾ ഒഴിവാക്കേണ്ടതാണ്.

2021 ഡിസംബർ 2-ന് ആചരിക്കുന്ന ദേശീയ ദിനത്തിന്‍റെ 50 ദിവസത്തെ കൗണ്ട്ഡൗൺ രാജ്യവ്യാപകമായി ആഘോഷിക്കുന്നതിനായി യു എ ഇ സുവർണ ജൂബിലി ആഘോഷ കമ്മിറ്റി പൊതുജനങ്ങളോട് നേരത്തെ ആഹ്വാനം ചെയ്തിരുന്നു.

Cover Image: WAM [File Photo of 49th National Day celebrations at Global Village]