യു എ ഇയുടെ അമ്പതാം ദേശീയ ദിനത്തിന് ഇനി 50 നാളുകൾ: രാജ്യവ്യാപകമായി ആഘോഷങ്ങൾക്ക് ആഹ്വാനം

GCC News

യു എ ഇയുടെ അമ്പതാമത് ദേശീയ വാർഷികത്തിന്‍റെ ഭാഗമായി, 2021 ഡിസംബർ 2-ന് ആചരിക്കുന്ന ദേശീയ ദിനത്തിന്‍റെ 50 ദിവസത്തെ കൗണ്ട്ഡൗൺ രാജ്യവ്യാപകമായി ആഘോഷിക്കുന്നതിനായി യു എ ഇ സുവർണ ജൂബിലി ആഘോഷ കമ്മിറ്റി പൊതുജനങ്ങളോട് ആഹ്വനം ചെയ്തു. യു എ ഇയുടെ ചരിത്രത്തിൽ ആദ്യമായി, രാജ്യത്തിന്റെ സുവർണ ജൂബിലി നാഴികക്കല്ലായി ആചരിക്കുന്ന വർഷത്തിൽ, ഡിസംബർ 2-ന് 50 ദിവസം മുമ്പ് ദേശീയ ദിനാഘോഷങ്ങൾ ആരംഭിക്കുന്നതാണ്.

’50-ലേക്ക് 50 ദിവസം’ എന്ന പേരിട്ടിരിക്കുന്ന ഈ സംരംഭത്തിന്റെ ഭാഗമാകാൻ യു എ ഇയെ സ്വന്തം വീടായി കരുതുന്ന മുഴുവൻ ജനങ്ങളെയും സുവർണ ജൂബിലി ആഘോഷ കമ്മിറ്റി സ്വാഗതം ചെയ്തിട്ടുണ്ട്. യു എ ഇ ദേശീയ ദിന ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ @OfficialUAEND-ൽ നിരവധി പ്രവർത്തനങ്ങളും, ആചാരങ്ങളും, ചലഞ്ചുകളും കമ്മിറ്റി ഒരുക്കിയിട്ടുണ്ട്.

“കഴിഞ്ഞ 50 വർഷങ്ങളിലെ യു എ ഇയുടെ നേട്ടങ്ങൾ നമുക്ക് അംഗീകരിക്കാതിരിക്കാനും, അഭിനന്ദിക്കാതിരിക്കാനും കഴിയില്ല; ഈ യാത്ര ഇപ്പോൾ അസാധാരണമായ അമ്പതാം വർഷത്തിലെത്തി നിൽക്കുന്നു.”, ’50-ലേക്ക് 50 ദിവസം’ സംരംഭത്തെക്കുറിച്ച് അമ്പതാം വർഷാഘോഷങ്ങൾക്ക് നേതൃത്വം നൽകുന്ന സംഘത്തിന്റെ ക്രിയേറ്റീവ് സ്ട്രാറ്റജി മേധാവി ശൈഖ അൽ കെത്ബി അഭിപ്രായപ്പെട്ടു.

“200-ലധികം രാജ്യങ്ങളിൽ നിന്നുള്ളവർ യു എ ഇയെ സ്വന്തം വീടായി കരുതുന്നു. നമ്മുടെ മഹത്തായ സമൂഹത്തെ സൃഷ്ടിക്കുന്ന പാരമ്പര്യങ്ങളെയും ആചാരങ്ങളെയും കുറിച്ച് കൂടുതലറിയുന്നതിനും, ഔദ്യോഗിക ദേശീയ ദിനാചരണത്തിന്റെ ഭാഗമായുള്ള എല്ലാ പ്രവർത്തനങ്ങളിലും, ആഘോഷങ്ങളിലും പങ്ക് ചേരാനും, ഇവരെയെല്ലാം ഞങ്ങൾ ക്ഷണിക്കുന്നു. “, അവർ കൂട്ടിച്ചേർത്തു.

’50-ലേക്ക് 50 ദിവസം’ പ്രവർത്തനങ്ങളുടെ ഭാഗമായി എല്ലാ ദിവസവും, രാജ്യത്തെ ജനങ്ങൾക്ക് വിവിധ ആകർഷണങ്ങൾ സന്ദർശിക്കാനും, രാജ്യത്തൊട്ടാകെ മറഞ്ഞിരിക്കുന്ന അത്ഭുതങ്ങൾ കണ്ടെത്താനും, യു എ ഇയുടെ ദേശീയഗാനം പഠിക്കാനും, പാടാനും, തങ്ങൾക്ക് മികച്ചതെന്ന് തോന്നുന്ന യു എ ഇയിലെ വിവിധ സ്ഥലങ്ങളുടെ ഫോട്ടോകൾ സമർപ്പിക്കാനും, സന്തോഷകരമായ ആഘോഷങ്ങളിൽ പങ്കെടുക്കാനും അവസരം ലഭിക്കുന്നതാണ്. ഈ ആഘോഷങ്ങളിൽ പങ്ക് ചേരാൻ രാജ്യത്തെ എല്ലാ സർക്കാർ സ്ഥാപനങ്ങളെയും, സ്വകാര്യ കമ്പനികളെയും, സ്കൂളുകളെയും, സംഘടനകളെയും സുവർണ ജൂബിലി ആഘോഷ കമ്മിറ്റി ക്ഷണിച്ചിട്ടുണ്ട്.

ഔദ്യോഗികമായ അമ്പതാമത് ദേശീയ ദിനാഘോഷം 2021 ഡിസംബർ 2 -ന് നടക്കുന്നതാണ്. ഈ ചടങ്ങിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പ്രഖ്യാപിക്കും.

1971-ൽ യു എ ഇ സ്ഥാപിതമായതിന്റെ അമ്പതാം വർഷത്തിന്റെ ഓർമ്മയ്ക്കായി 2021-നെ ‘അമ്പതാം വർഷം’ എന്ന രീതിയിൽ ആചരിക്കാൻ തീരുമാനിച്ചതായി പ്രസിഡന്റ് H.H. ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ ആഘോഷങ്ങൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ https://uaenationalday.ae/ എന്ന ഔദ്യോഗിക വെബ്സൈറ്റിലും, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, ട്വിറ്റർ എന്നിവയിലുള്ള യു എ ഇ ദേശീയ ദിന ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടായ ‘@OfficialUAEND’-ലും ലഭ്യമാണ്.

WAM