ഖത്തർ: COVID-19 വാക്സിനേഷൻ ലഭിക്കുന്നതിനുള്ള പ്രായപരിധി 40 വയസ്സാക്കി കുറച്ചു

featured GCC News

ഖത്തറിൽ നിലവിൽ നടന്നു കൊണ്ടിരിക്കുന്ന COVID-19 വാക്സിനേഷൻ യത്നത്തിന്റെ ഭാഗമായി വാക്സിൻ കുത്തിവെപ്പ് നൽകുന്നതിനായി നിശ്ചയിച്ചിട്ടുള്ള പ്രായപരിധി 50-ൽ നിന്ന് 40 വയസ്സാക്കി കുറച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. പരമാവധി പേർക്ക് വാക്സിൻ കുത്തിവെപ്പ് നൽകുന്നത് ലക്ഷ്യമിട്ടാണ് ഈ തീരുമാനം.

മാർച്ച് 30-നാണ് ഖത്തർ ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഇതുവരെ 50 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കായിരുന്നു വാക്സിൻ കുത്തിവെപ്പുകൾക്ക് മുൻഗണന നൽകിയിരുന്നത്.

ഈ പുതിയ തീരുമാനത്തോടെ 40 വയസ്സിനു മുകളിൽ പ്രായമുള്ള പ്രവാസികൾ ഉൾപ്പടെ മുഴുവൻ പേർക്കും വാക്സിനേഷനിൽ പങ്കെടുക്കാൻ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാവുന്നതാണ്. 40 വയസ്സിനു മുകളിൽ പ്രായമുള്ളവർ, ഗുരുതരമായ ആരോഗ്യ പ്രശ്നനങ്ങളുള്ളവർ, ആരോഗ്യ പ്രവർത്തകർ, അധ്യാപകർ ഉൾപ്പടെ സുപ്രധാന മേഖലകളിൽ തൊഴിലെടുക്കുന്നവർ എന്നീ വിഭാഗങ്ങൾക്കാണ് നിലവിൽ വാക്സിൻ കുത്തിവെപ്പിനായി മുൻഗണന നൽകുന്നത്.

ഖത്തറിൽ നിലവിൽ ഫൈസർ, മോഡേണ എന്നീ രണ്ട് COVID-19 വാക്സിൻ കുത്തിവെപ്പുകൾ ലഭ്യമാണ്. വാക്സിനേഷനിൽ പങ്കെടുക്കുന്നതിന് ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ അപേക്ഷിക്കാവുന്നതാണ്. https://app-covid19.moph.gov.qa/en/instructions.html എന്ന വിലാസത്തിൽ ഈ നടപടി പൂർത്തിയാക്കാവുന്നതാണ്. വാക്സിൻ കുത്തിവെപ്പ് നൽകുന്ന തീയ്യതി സംബന്ധിച്ച വിവരങ്ങൾ മന്ത്രാലയം രജിസ്‌ട്രേഷൻ പൂർത്തിയാക്കിയവരെ നേരിട്ടറിയിക്കുന്നതാണ്. ഖത്തറിൽ ഇതുവരെ ഏഴര ലക്ഷത്തിൽ പരം ഡോസ് COVID-19 വാക്സിൻ നൽകിയതായും മന്ത്രാലയം അറിയിച്ചു.