സൗദി: ഹജ്ജ് തീർത്ഥാടകരെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു; രജിസ്‌ട്രേഷൻ നടപടികളുടെ രണ്ടാം ഘട്ടത്തിന് തുടക്കമായി

GCC News

ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കുന്നതിനായുള്ള രജിസ്‌ട്രേഷൻ പൂർത്തിയാക്കിയവരിൽ നിന്ന് തീർത്ഥാടകരെ തിരഞ്ഞെടുക്കുന്ന നടപടികളും, രജിസ്ട്രേഷനുകൾ തരംതിരിക്കുന്ന നടപടികളും 2021 ജൂൺ 25-ന് ആരംഭിച്ചതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. രജിസ്‌ട്രേഷൻ പൂർത്തിയാക്കിയവരെ വിവിധ വിഭാഗങ്ങളായി തരംതിരിക്കുമെന്ന് ഹജ്ജ്, ഉംറ ഡെപ്യൂട്ടി മന്ത്രി ഡോ. അബ്ദുൽ ഫത്തഹ് ബിൻ സുലൈമാൻ മഷാത് വ്യക്തമാക്കി.

രജിസ്‌ട്രേഷൻ നടപടികളുടെ രണ്ടാം ഘട്ടത്തിന് ജൂൺ 25 മുതൽ തുടക്കമായതായും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. രണ്ടാം ഘട്ടത്തിൽ തീർത്ഥാടനത്തിനായി തിരഞ്ഞെടുക്കപ്പെടുന്നവർ പാലിക്കേണ്ടതായ നടപടിക്രമങ്ങളും മന്ത്രാലയം ഇതോടൊപ്പം അറിയിച്ചിട്ടുണ്ട്. ജൂൺ 25-ന് രാത്രിയാണ് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

  • രജിസ്റ്റർ ചെയ്തവരിൽ, മന്ത്രാലയം നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പ്രകാരം തീർത്ഥാടനത്തിന് മുൻഗണന നൽകിയിട്ടുള്ളവർക്ക് ജൂൺ 25 മുതൽ SMS മുഖേനെ അറിയിപ്പ് നൽകിത്തുടങ്ങിയിട്ടുണ്ട്.
  • ഇത്തരം സന്ദേശങ്ങൾ ലഭിക്കുന്നവർ, മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് പോർട്ടലിൽ തങ്ങളുടെ വിവരങ്ങൾ സൂക്ഷ്മപരിശോധന നടത്തേണ്ടതാണ്.
  • ഇവർ പോർട്ടലിൽ നൽകിയിട്ടുള്ള നടപടിക്രമങ്ങൾ, നിബന്ധനകൾ മുതലായവ കൃത്യമായി മനസ്സിലാക്കേണ്ടതാണ്.
  • ഇത്തരത്തിൽ സന്ദേശം ലഭിക്കുന്നവർക്ക് ഹജ്ജ് 2021-ന് രജിസ്റ്റർ ചെയ്തിട്ടുള്ള മറ്റൊരു സഹയാത്രികനെ തിരഞ്ഞെടുക്കാവുന്നതാണ്.
  • നിബന്ധനകൾ മനസ്സിലാക്കിയ ശേഷം മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് പോർട്ടലിൽ നിന്ന് ഹജ്ജ് പാക്കേജുകൾ തിരഞ്ഞെടുക്കാവുന്നതും, ബുക്ക് ചെയ്യാവുന്നതുമാണ്.
  • ഇത്തരം പാക്കേജുകളുടെ തുക, സർവീസ് ചാർജ് മുതലായവ SADAD ഇലക്ട്രോണിക് പ്ലാറ്റ്ഫോമിലൂടെ പൂർത്തിയാക്കാവുന്നതാണ്.
  • ഈ നടപടികൾ പൂർത്തിയാക്കുന്നവർക്ക് ഹജ്ജ് 2021 പെർമിറ്റുകൾ അനുവദിക്കുന്നതാണ്.

ഇത്തരം നടപടിക്രമങ്ങൾ കൃത്യമായി പൂർത്തിയാക്കുന്നവർക്ക് മാത്രമാണ് ഹജ്ജ് പെർമിറ്റുകൾ അനുവദിക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. കൃത്യമായ യോഗ്യതകൾ, മാനദണ്ഡങ്ങൾ, ഓരോ വിഭാഗത്തിലുമുള്ള പെർമിറ്റുകളുടെ ലഭ്യത എന്നിവ അടിസ്ഥാനമാക്കിയാണ് തീർത്ഥാടകരെ തിരഞ്ഞെടുക്കുന്നതെന്നും മന്ത്രാലയം അറിയിച്ചു. ഈ നടപടികൾ ജൂലൈ 9-ന് രാത്രി 10 മണി വരെ തുടരുന്നതാണ്.

ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിനായുള്ള ആദ്യഘട്ട രജിസ്‌ട്രേഷൻ നടപടികൾ ജൂൺ 24-ന് അവസാനിച്ചിരുന്നു. പത്ത് ദിവസം നീണ്ട് നിന്ന ഈ രജിസ്ട്രേഷനിൽ സൗദിയിലുള്ള പൗരന്മാരും, പ്രവാസികളുമായ 558000 പേർ പങ്കെടുത്തു. 60000 ആഭ്യന്തര തീർത്ഥാടകർക്കാണ് ഈ വർഷം ഹജ്ജ് അനുഷ്ഠിക്കുന്നതിന് അനുമതി നൽകുന്നത്.