സൗദി അറേബ്യ: നിരീക്ഷണ കാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് വിലക്ക്

featured GCC News

നിരീക്ഷണ കാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ പകർത്തുന്നതും, പ്രസിദ്ധീകരിക്കുന്നതും നിയമപരമായി വിലക്കിയിട്ടുണ്ടെന്ന് സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. 2025 ജനുവരി 6-നാണ് സൗദി ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

‘യൂസ് ഓഫ് സെക്യൂരിറ്റി സർവൈലൻസ് കാമറാസ്’ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരമാണിതെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സെക്യൂരിറ്റി സർവൈലൻസ് കാമറകളിൽ നിന്നുളള ദൃശ്യങ്ങൾ പകർത്തുന്നതിനും, പ്രസിദ്ധീകരിക്കുന്നതിനും ഒരു കോടതി ഉത്തരവിന്റെയോ, അന്വേഷണ ഏജൻസിയിൽ നിന്നുള്ള അപേക്ഷയുടെയോ അടിസ്ഥാനത്തിൽ പ്രസിഡന്സി ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റി മന്ത്രാലയത്തിൽ നിന്നുള്ള അംഗീകാരം നിർബന്ധമെന്ന് അധികൃതർ കൂട്ടിച്ചേർത്തു.

സൗദി അറേബ്യയിൽ ഈ നിയമം ലംഘിക്കുന്നവർക്ക് 20000 റിയാൽ പിഴ ചുമത്തുന്നതാണ്. സെക്യൂരിറ്റി സർവൈലൻസ് കാമറകൾ, അവയിലെ ദൃശ്യങ്ങൾ എന്നിവ നശിപ്പിക്കുന്നവർക്കും ഇതേ ശിക്ഷ ലഭിക്കുന്നതാണ്.