കാറുകളിൽ കുട്ടികൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പ്രത്യേക സീറ്റുകൾ ഉപയോഗിക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്ക് പിഴ ചുമത്തുമെന്ന് സൗദി അധികൃതർ അറിയിച്ചു. സൗദി ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ട്രാഫിക് അധികൃതരെ ഉദ്ധരിച്ച് കൊണ്ട് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കുട്ടികൾക്ക് പ്രത്യേകമായുള്ള സേഫ്റ്റി സീറ്റുകൾ ഉറപ്പ് വരുത്താതിരിക്കുന്നത് സൗദിയിൽ ട്രാഫിക് നിയമലംഘനമായി കണക്കാക്കുന്നതാണ്. ഇത്തരം ലംഘനങ്ങൾക്ക് 300 മുതൽ 500 റിയാൽ വരെ പിഴ ചുമത്തുന്നതാണ്.
കുട്ടികളുമായി സഞ്ചരിക്കുന്ന വാഹനങ്ങളിൽ കുട്ടികൾക്കായുള്ള സുരക്ഷാ ഇരിപ്പിടങ്ങൾ നിർബന്ധമായും ഉണ്ടായിരിക്കണമെന്നതും, ഇവ ഉപയോഗിക്കണമെന്നതും സൗദി ട്രാഫിക് നിയമങ്ങൾ അനുശാസിക്കുന്നുണ്ട്.
റോഡ് സുരക്ഷയുടെ ഭാഗമായി 10 വയസിന് താഴെ പ്രായമുള്ള കുട്ടികളെ വാഹനങ്ങളുടെ മുൻ സീറ്റിൽ ഇരുത്തുന്നവർക്കും, വാഹനങ്ങളിൽ കുട്ടികൾക്കുള്ള സുരക്ഷിത ഇരിപ്പിടങ്ങൾ ഏർപ്പെടുത്താത്തവർക്കും സൗദി ട്രാഫിക് ഡയറക്ടറേറ്റ് നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.