ഇന്ത്യയും ഗൾഫ് സഹകരണ കൗൺസിലും (GCC) തമ്മിലുള്ള ആദ്യ യോഗം റിയാദിൽ വെച്ച് നടന്നതായി സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഇന്ത്യയിലെയും, ജിസിസിയിലെയും ഉന്നത ഉദ്യോഗസ്ഥർ ഈ യോഗത്തിൽ പങ്കെടുത്തു.
ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിലെ ഗൾഫ് ചുമതലയുള്ള സെക്രട്ടറി ഡോ. ഔസാഫ് സയീദിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ പ്രതിനിധികളും ജിസിസി സെക്രട്ടേറിയറ്റിലെ പൊളിറ്റിക്കൽ അഫയേഴ്‌സ് ആൻഡ് നെഗോഷ്യേഷൻസ് അസിസ്റ്റന്റ് സെക്രട്ടറി ജനറൽ ഡോ.അബ്ദുൽ അസീസ് ബിൻ ഹമദ് അൽ ഒവൈഷാഖിന്റെ നേതൃത്വത്തിലുള്ള ജിസിസി പ്രതിനിധികളുമാണ് യോഗത്തിൽ പങ്കെടുത്തത്.
കഴിഞ്ഞ വർഷം സെപ്തംബറിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറിന്റെ റിയാദ് സന്ദർശന വേളയിൽ ‘മെക്കാനിസം ഓഫ് കൺസൾട്ടേഷൻസ്’ എന്ന വിഷയത്തിൽ ഇരു കക്ഷികളും തമ്മിൽ ഒപ്പുവച്ച ധാരണാപത്രത്തിന്റെ തുടർനടപടിയായിരുന്നു ഈ കൂടിക്കാഴ്ച.
ഇന്ത്യ-ജിസിസി സ്വതന്ത്ര വ്യാപാര കരാറിന്റെ (FTA) അന്തിമ രൂപീകരണത്തെ ഈ യോഗം അനുകൂലിക്കുകയും ഇന്ത്യയും ഗൾഫ് മേഖലയും തമ്മിലുള്ള വ്യാപാരത്തിലും നിക്ഷേപത്തിലുമുള്ള പുരോഗതിയിൽ സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.
പുനരുപയോഗ ഊർജം, ഭക്ഷ്യസുരക്ഷ, ആരോഗ്യം, വിവരസാങ്കേതികവിദ്യ എന്നീ മേഖലകളിൽ ഇരുവിഭാഗങ്ങളും തമ്മിൽ കൂടുതൽ സഹകരണം വേണമെന്നും, ഇതിൽ ചില മേഖലകളിലെ വിദഗ്ധരുടെ സംയുക്ത വർക്കിംഗ് ഗ്രൂപ്പുകൾ രൂപീകരിക്കുമെന്നും ഡോ. ഔസാഫ് സയീദ് അഭിപ്രായപ്പെട്ടു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 154 ബില്യൺ യുഎസ് ഡോളറിന്റെ മൊത്തം വ്യാപാരവുമായി ജിസിസി ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ്.
With inputs from WAM. Cover Image: @IndianEmbRiyadh.