യു എ ഇയിലെ ആദ്യ മാസ്ക് നിർമ്മാണ കേന്ദ്രം പ്രവർത്തനമികവിൽ ശ്രദ്ധേയമാകുന്നു

UAE

മെയ് മാസത്തിൽ അൽ ഐനിൽ പ്രവർത്തനമാരംഭിച്ച, യു എ ഇയിലെ ആദ്യ മാസ്ക് നിർമ്മാണ കേന്ദ്രം പ്രവർത്തന മികവ് കൊണ്ട് ശ്രദ്ധേയമാകുന്നു. 30 ദശലക്ഷം യൂണിറ്റ് വാർഷിക ഉത്പാദനശേഷിയുള്ള ഈ നിർമ്മാണശാല, കേവലം രണ്ട് മാസത്തെ പ്രവർത്തനം കൊണ്ട് 2020 അവസാനം വരെ മാസ്കുകൾ നിർമ്മിക്കുന്നതിനാവശ്യമായ ഉത്പാദന കരാറുകൾ നേടിക്കഴിഞ്ഞു.

ഈ കേന്ദ്രത്തിൽ നിന്നും നിർമിക്കുന്ന N95 മാസ്കുകൾ, യു എ ഇയിലെ COVID-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ആരോഗ്യ പ്രവർത്തകരുടെ ഇടയിലാണ് ഉപയോഗിക്കുന്നത്. 2020 അവസാനം വരെ ഇവ നിർമ്മിക്കുന്നതിനായുള്ള കരാറുകൾ സർക്കാർ തലത്തിൽ ലഭിച്ചതായി, സ്ട്രാറ്റാ മാനുഫാക്ചറിംഗ് CEO ഇസ്മയിൽ അലി അബ്ദുല്ല അറിയിച്ചു. അബുദാബിയിൽ നിന്നുള്ള, മുബഡാല ഇൻവെസ്റ്റ്മെന്റ് കമ്പനിയുടെ കീഴിലുള്ള, സ്ട്രാറ്റാ മാനുഫാക്ചറിംഗും, ഹണിവെല്ലും ചേർന്നാണ് സ്ട്രാറ്റയുടെ അൽ ഐനിലെ പ്ലാന്റിൽ ഇവ നിർമ്മിക്കുന്നത്.

ഹണിവെല്ലുമായുള്ള പങ്കാളിത്തത്തിലൂടെ, അറേബ്യൻ ഗൾഫ് മേഖലയിൽ N95 മാസ്കുകളുടെ ആദ്യ ഉത്പാദകരാകാൻ സ്ട്രാറ്റയ്ക്ക് സാധിച്ചതായും അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് വിദേശ ഉത്‌പാദകരിൽ നിന്ന് മാസ്കുകൾ ഇറക്കുമതി ചെയ്യുന്ന സാഹചര്യം ഒഴിവാക്കാൻ ഇതിലൂടെ കഴിഞ്ഞു.

പ്രതിദിനം 90,000 യൂണിറ്റ് മാസ്കുകൾ അൽ ഐനിലെ കേന്ദ്രത്തിൽ നിർമ്മിക്കാൻ സ്ട്രാറ്റയ്ക്ക് കഴിയുമെന്നും അലി അബ്ദുല്ല അറിയിച്ചു. രാജ്യത്തിൻറെ ആവശ്യങ്ങൾ നിറവേറ്റുന്നതിനൊപ്പം, ആഗോളതലത്തിൽ മറ്റു രാഷ്ട്രങ്ങളെ സഹായിക്കുന്ന അളവിലേക്ക് ഉത്പാദനം വർധിപ്പിക്കുക എന്നതും തങ്ങളുടെ ലക്ഷ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.