ലുസൈൽ ട്രാം സർവീസിന്റെ ആദ്യ ഘട്ടം 2022 ജനുവരി 1 മുതൽ പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കുമെന്ന് ഖത്തർ ട്രാൻസ്പോർട്ട് മിനിസ്ട്രി അറിയിച്ചു. ഡിസംബർ 23-നാണ് ഖത്തർ ഗതാഗത മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
ആദ്യ ഘട്ടത്തിൽ ഓറഞ്ച് ലൈനിൽ താഴെ പറയുന്ന ആറ് സ്റ്റേഷനുകളെ ബന്ധിപ്പിച്ച് കൊണ്ടാണ് ലുസൈൽ ട്രാം സർവീസ് പ്രവർത്തിപ്പിക്കുന്നത്:
- മറീന.
- മറീന പ്രോമിനേഡ്.
- യാച്ച് ക്ലബ്.
- എസ്പ്ലനേഡ്.
- എനർജി സിറ്റി സൗത്ത്.
- ലഖ്താഫിയ സ്റ്റേഷൻ. (ഈ സ്റ്റേഷൻ ട്രാം, ദോഹ മെട്രോ എന്നിവയുടെ സംയോജിത സ്റ്റേഷനായാണ് പ്രവർത്തിക്കുന്നത്)

ഓരോ അഞ്ച് മിനിറ്റ് ഇടവേളയിലും, ആഴ്ച്ചയിൽ ഏഴ് ദിവസം തോറും പ്രവർത്തിക്കുന്ന രീതിയിലാണ് ലുസൈൽ ട്രാം സർവീസ് ആരംഭിക്കുന്നത്. ഈ പദ്ധതിയുടെ മുഴുവൻ ഘട്ടങ്ങളും പൂർത്തിയാകുന്നതോടെ ലുസൈൽ നഗരത്തിന്റെ എല്ലാ മേഖലകളിലേക്കും ട്രാം സേവനം ലഭ്യമാകുന്നതാണ്.
ഖത്തർ റെയിൽ അധികൃതരും ഇത് സംബന്ധിച്ച സ്ഥിരീകരണം അറിയിച്ചിട്ടുണ്ട്. വരാനിരിക്കുന്ന ഫുട്ബാൾ ലോകകപ്പ് കാർബൺ പ്രസാരണം തീർത്തും ഒഴിവാക്കുന്ന രീതിയിൽ പരിസ്ഥിതി സൗഹൃദപരമായ വിധത്തിൽ നടത്തുന്നതിനുള്ള നയത്തിന്റെ ഭാഗമായും, സുസ്ഥിരവും, സംയോജിതവുമായ ഒരു പൊതുഗതാഗത സംവിധാനം വികസിപ്പിക്കുന്നതിന്റെ ഭാഗവുമായാണ് ലുസൈൽ ട്രാം പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കുന്നത്.
Cover Image: @QatarRail