അൽ ദഫ്‌റയിലെ മദീനത്ത് സയ്ദ് ഇൻഡസ്ട്രിയൽ ഏരിയയിൽ COVID-19 പരിശോധനകൾ പ്രഖ്യാപിച്ചു

UAE

COVID-19 പ്രതിരോധത്തിന്റെ ഭാഗമായി അബുദാബിയിലെ വിവിധ വ്യവസായ മേഖലകളിൽ നടപ്പിലാക്കി വരുന്ന അണുനശീകരണ പ്രവർത്തനങ്ങളും, സൗജന്യ COVID-19 പരിശോധനകളും അൽ ദഫ്‌റയിലെ ഇൻഡസ്ട്രിയൽ ഏരിയയിലേക്കും വ്യാപിപ്പിക്കുന്നു. ഈ പ്രവർത്തനങ്ങൾ അൽ ദഫ്‌റയിലെ മദീനത്ത് സയ്ദ് ഇൻഡസ്ട്രിയൽ ഏരിയയിൽ ആരംഭിക്കുന്നതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DOH) ജൂൺ 17-നു രാത്രി അറിയിച്ചു.

അൽ ദഫ്‌റയിലെ വ്യവസായ മേഖലകളിലെ തൊഴിലാളികളുടെയും, നിവാസികളുടെയും ഇടയിൽ COVID-19 പരിശോധനകൾ വ്യാപകമാക്കുന്നതിലൂടെ ഈ മേഖലയുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കാനാണ് DOH-ഉം മറ്റ് അനുബന്ധ വകുപ്പുകളും സംയുക്തമായി നടപ്പിലാക്കുന്ന ഈ പരിശോധനകളിലൂടെ ലക്ഷ്യമിടുന്നത്.

വിസ ചട്ട ലംഘനങ്ങൾ ഉള്ളവർക്കും ഈ ആരോഗ്യ പരിശോധനയിൽ പങ്കെടുക്കാമെന്നും, ഇവർക്കെതിരെ യാതൊരു തരത്തിലുള്ള നിയമ നടപടികളും ഉണ്ടാകില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. സമൂഹത്തിലെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനാണ് മുൻതൂക്കം നൽകുന്നതെന്ന് അധികൃതർ കൂട്ടിച്ചേർത്തു. ആരോഗ്യ സുരക്ഷാ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്ന കാലാവധിയിൽ, അണുവിമുക്തമാക്കുന്ന മേഖലകളിൽ ചില നിയന്ത്രണങ്ങൾ ഉണ്ടാകുമെങ്കിലും, വാണിജ്യ പ്രവർത്തനങ്ങൾ തടസപ്പെടില്ല എന്ന് DOH അറിയിച്ചിട്ടുണ്ട്.