2021 ഡിസംബർ 5 വരെ 5663960 പേർ എക്സ്പോ 2020 ദുബായ് വേദി സന്ദർശിച്ചതായി ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. ഡിസംബർ 6-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം പങ്ക് വെച്ചത്.
യു എ ഇയുടെ സുവർണ ജൂബിലി ആഘോഷങ്ങളും ഗംഭീരമായ കായിക, സംഗീത, സാംസ്കാരിക പ്രകടനങ്ങളുടെ ഒരു നീണ്ട നിരയും കഴിഞ്ഞ ആഴ്ച്ച എക്സ്പോ വേദിയിലെത്തുന്ന സന്ദർശകരുടെ എണ്ണം ഉയരുന്നതിന് കാരണമായി. കഴിഞ്ഞ ആഴ്‌ച തന്റെ സന്ദർശന വേളയിൽ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ “ഈ എക്‌സിബിഷൻ സംഘടിപ്പിച്ച് വിജയിപ്പിച്ചതിന്” എക്‌സ്‌പോ 2020 ദുബായ് സംഘാടകർക്ക് അഭിനന്ദനമറിയിച്ചിരുന്നു.
ഒക്‌ടോബർ, നവംബർ മാസങ്ങളിൽ വിവിധ രാജ്യങ്ങളുടെ പ്രസിഡന്റുമാർ, തലവൻമാർ, പ്രധാനമന്ത്രിമാർ, മന്ത്രിമാർ എന്നിവരുൾപ്പെടെ 5383 ഗവൺമെന്റ് നേതാക്കൾ ഔദ്യോഗിക പരിപാടികളിൽ സംസാരിക്കുന്നതിനോ അവരുടെ രാജ്യത്തിന്റെ ദേശീയ ദിനം ആഘോഷിക്കുന്നതിനോ എക്സ്പോ 2020 വേദിയിലെത്തി. ആദ്യത്തെ രണ്ട് മാസങ്ങളിൽ മാത്രം എക്‌സ്‌പോ മൊത്തം 10461 പരിപാടികൾക്ക് ആതിഥേയത്വം വഹിച്ചു.
എക്സ്പോ വേദിയിലെത്തുന്ന 10 സന്ദർശകരിൽ ആറ് പേർ (57 ശതമാനം) ഇപ്പോൾ എക്‌സ്‌പോ സീസൺ പാസ് ഉപയോഗിക്കുന്നുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ആദ്യ രണ്ട് മാസങ്ങളിൽ ആവർത്തിച്ചുള്ള സന്ദർശകരുടെ എണ്ണം 1.2 ദശലക്ഷത്തിലെത്തിയിട്ടുണ്ട്. എക്‌സ്‌പോ 2020 ദുബായ് വാഗ്ദാനം ചെയ്യുന്നതെല്ലാം അനുഭവിക്കാൻ ഒരു ദിവസം മതിയാകില്ലെന്ന് ഇത് തെളിയിക്കുന്നു.
യു എ ഇയുടെ അമ്പതാമത് ദേശീയ ദിനം ആഘോഷിക്കാൻ നിരവധി ആളുകൾ എക്സ്പോ 2020 വേദി തിരഞ്ഞെടുത്തതിൽ ഞങ്ങൾ സന്തുഷ്ടരാണെന്ന് യു എ ഇ അന്താരാഷ്ട്ര സഹകരണ സഹമന്ത്രിയും, എക്സ്പോ 2020 ദുബായ് ഡയറക്ടർ ജനറലുമായ റീം ബിന്റ് ഇബ്രാഹിം അൽ ഹാഷിമി പറഞ്ഞു. “രണ്ട് മാസത്തിനുള്ളിൽ, എക്‌സ്‌പോയിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാവരുടെയും കഠിനാധ്വാനത്തിന്റെ തെളിവാണ് ഈ കണക്കുകൾ. ആളുകളെ വീണ്ടും വീണ്ടും സന്ദർശിക്കാൻ പ്രേരിപ്പിക്കുന്ന ഗംഭീരമായ ഇവന്റുകൾക്ക് ആതിഥേയത്വം വഹിക്കുന്നത് മുതൽ, ആഗോളതലത്തിൽ മാറ്റം വരുത്തുന്നവരെ ശക്തമായ ഒരു പ്ലാറ്റ്‌ഫോമിൽ ഒരുമിച്ച് കൊണ്ടുവരുന്നത് വരെ ഇതിൽ ഉൾപ്പെടുന്നു.”, അവർ കൂട്ടിച്ചേർത്തു.
2021 നവംബർ മാസത്തിൽ എക്സ്പോ വേദി സന്ദർശിച്ചവരിൽ നാലിലൊന്ന് സന്ദർശകരും (28 ശതമാനം) യു എ ഇക്ക് പുറത്ത് നിന്ന് എത്തിയവരാണ്. ഇന്ത്യ, ഫ്രാൻസ്, ജർമ്മനി, സൗദി അറേബ്യ, യുകെ എന്നീ രാജ്യങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ സന്ദർശകർ എക്സ്പോ വേദിയിലെത്തിയത്.
റിവർഡാൻസിന്റെ ജനപ്രിയ ഷോ, അക്കാഡമിയ ടീട്രോ അല്ല സ്കാലയിൽ നിന്നുള്ള ഗംഭീര പ്രകടനം അവാർഡ് ജേതാവായ പാകിസ്ഥാൻ സംഗീതജ്ഞൻ ജാവേദ് ബഷീർ, ഈജിപ്ഷ്യൻ ഗായകൻ മുഹമ്മദ് ഹമാകി എന്നിവരുടെ പ്രകടനം തുടങ്ങിയവ നവംബറിൽ സന്ദർശകരെ ആകർഷിച്ചു. സുവർണ്ണ ജൂബിലിയുടെ ഭാഗമായി അൽ വാസൽ ഡോമിൽ നടന്ന ‘ജേർണി ഓഫ് ദി 50th’ ഷോ, യുഎഇയുടെ ദർശനാത്മകമായ വർത്തമാനകാലവും ഭൂതകാലത്തിന്‍റെ മഹത്വവും വ്യക്തമാക്കുന്നതായിരുന്നു. കൂടാതെ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനെ ആദരിച്ച 20 മിനിറ്റ് തിയറ്റർ പ്രൊഡക്ഷനായ ‘ദ ബോയ് ആൻഡ് ദി ഹോഴ്‌സും’ ഏറെ ശ്രദ്ധനേടി.
ഡിസംബർ 10-ന് അൽ വാസൽ പ്ലാസയിൽ ഗ്രാമി അവാർഡ് ജേതാവ് അലിസിയ കീസിന്റെ ഷോയോടൊപ്പം അക്കാദമി അവാർഡ് നേടിയ സംഗീതസംവിധായകനും സംഗീതജ്ഞനുമായ എ ആർ റഹ്മാൻ ഡിസംബർ 22-നും ബ്രോഡ്‌വേ സൂപ്പർ താരം ലിയ സലോംഗ ഡിസംബർ 25-നും പരിപാടികൾ അവതരിപ്പിക്കുന്നു എന്നതും, ക്രിസ്മസ് ആഘോഷപരിപാടികളും ഡിസംബറിൽ എക്സ്പോ വേദിയിലേക്ക് കൂടുതൽ സന്ദർശകരെ ആകർഷിക്കുന്നതിന് കാരണമാകുമെന്ന് സംഘാടകർ വ്യക്തമാക്കി. ഇതുവരെ 25 ദശലക്ഷം പേരാണ് വെർച്വൽ സംവിധാനങ്ങളിലൂടെ (https://virtualexpodubai.com/) എക്സ്പോ 2020 വേദി സന്ദർശിച്ചതെന്നും സംഘാടകർ കൂട്ടിച്ചേർത്തു.
WAM