ആഗോളതലത്തിൽ തങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുന്ന യാത്രികർക്ക്, COVID-19 ചികിത്സകളുടെയും, ക്വാറന്റീൻ നടപടികളുടെയും ചെലവുകൾക്ക് സൗജന്യമായി പരിരക്ഷ നൽകുമെന്ന് ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്ലൈദുബായ് അറിയിച്ചു. സെപ്റ്റംബർ 1 മുതൽ 2020 നവംബർ 30 വരെയുള്ള കാലയളവിൽ യാത്ര ചെയ്യുന്നവർക്കാണ് ഈ പരിരക്ഷ ലഭിക്കുന്നത്. ഈ കാലയളവിൽ യാത്രചെയ്യുന്നവർക്ക് കൊറോണ വൈറസുമായി ബന്ധപ്പെട്ട ചികിത്സകളുടെ ചെലവുകൾക്കുള്ള പരിരക്ഷ സ്വയമേവ ലഭിക്കുന്നതാണ്.
ഫ്ലൈദുബായ് സേവനങ്ങൾ ഉപയോഗിച്ചുള്ള യാത്രയ്ക്കിടയിൽ COVID-19 രോഗബാധിതരാകുന്നവർക്ക് ചികിത്സകളുടെയും, ക്വാറന്റീൻ നടപടികളുടെയും ചെലവുകൾ ലഭ്യമാകുന്ന രീതിയിലാണ് ഈ പരിരക്ഷാ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. ഫ്ലൈദുബായ് സേവനങ്ങൾ ഉപയോഗിച്ച് നടത്തുന്ന യാത്രകൾക്ക്, യാത്രാ തീയതി മുതൽ 31 ദിവസത്തേക്കാണ് ഈ പരിരക്ഷ നൽകുന്നത്.
ഈ പദ്ധതി പ്രകാരം യാത്രാ വേളയിൽ COVID-19 രോഗബാധിതരാകുന്ന യാത്രികർക്ക് 150,000 യൂറോ വരെയുള്ള ചികിത്സാ ചെലവുകളും, 14 ദിവസത്തെ ക്വാറന്റീനിനായി, ദിനവും 100 യൂറോ വരെയും പരിരക്ഷയ്ക്ക് അർഹത ഉണ്ടായിരിക്കും. ഫ്ലൈദുബായ് വെബ്സൈറ്റിലൂടെയോ, ആപ്പിലൂടെയോ, ട്രാവൽ ഏജൻസികൾ മുഖേനെയോ എടുക്കുന്ന എല്ലാ ബുക്കിങ്ങുകൾക്കും ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതാണെന്നും അധികൃതർ അറിയിച്ചു.
നെക്സ്റ്റ്കെയർ ക്ലെയിംസ് മാനേജ്‌മന്റ് LLC (NEXtCARE) എന്ന സ്ഥാപനമാണ് ഫ്ലൈദുബായ്ക്ക് വേണ്ടി യാത്രികർക്ക് ഈ പരിരക്ഷ സംബന്ധമായ സേവനങ്ങൾ നൽകുന്നത്. യാത്ര വേളയിൽ COVID-19 രോഗബാധിതരാകുന്നവർക്ക് ഈ പരിരക്ഷ നേടുന്നതിനായി +971 4 270 8577 എന്ന നമ്പറിലൂടെ എല്ലാ ദിവസങ്ങളിലും 24 മണിക്കൂറും ഇവരുടെ സേവനങ്ങൾ ലഭ്യമാണെന്നും ഫ്ലൈദുബായ് അറിയിച്ചു. ഇതിനു പുറമെ +971 56 358 9937 എന്ന വാട്സാപ്പ് നമ്പറിലൂടെയും, flydubai@nextcarehealth.com എന്ന ഇമെയിൽ വിലാസത്തിലൂടെയും യാത്രികർക്ക് ബന്ധപ്പെടാവുന്നതാണ്.