കുവൈറ്റ്: റമദാനിൽ നോമ്പ് സമയങ്ങളിൽ ഭക്ഷണശാലകൾ തുറക്കാൻ അനുമതിയില്ല

Kuwait

റമദാനിൽ നോമ്പ് സമയങ്ങളിൽ രാജ്യത്തെ ഭക്ഷണശാലകൾ തുറക്കാൻ അനുമതി ഉണ്ടായിരിക്കില്ലെന്ന് കുവൈറ്റിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റെസ്റ്ററന്റുകൾ, കഫെ മുതലായ സ്ഥാപനങ്ങൾക്ക് ഇത് സംബന്ധിച്ച അറിയിപ്പ് അധികൃതർ നൽകിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കുവൈറ്റ് മുനിസിപ്പാലിറ്റിയാണ് ഇത് സംബന്ധിച്ച ഔദ്യോഗിക നിർദ്ദേശം നൽകിയിരിക്കുന്നത്. ഈ അറിയിപ്പ് പ്രകാരം, കുവൈറ്റിലെ ഭക്ഷണശാലകൾ നോമ്പ് സമയങ്ങളിൽ അടച്ചിടേണ്ടതാണ്.

ഇത്തരം സ്ഥാപനങ്ങൾക്ക് നോമ്പ് തുറക്കുന്ന സമയത്തിന് രണ്ട് മണിക്കൂർ മുൻപ് മുതൽ തുറന്ന് പ്രവർത്തിക്കാവുന്നതാണ്. ഈ ഉത്തരവ് സംബന്ധിച്ച വീഴ്ച്ചകൾ കണ്ടെത്തുന്നതിനായി മുനിസിപ്പാലിറ്റി പ്രത്യേക പരിശോധനകൾ നടത്തുന്നതാണ്.