ഖത്തർ: ഏപ്രിൽ 2 മുതൽ COVID-19 നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ; മാളുകളിൽ മാസ്കുകൾ ഒഴിവാക്കാം

featured GCC News

രാജ്യത്തെ COVID-19 മുൻകരുതൽ നിയന്ത്രണങ്ങളിൽ 2022 ഏപ്രിൽ 2, ശനിയാഴ്ച്ച മുതൽ ഏതാനം ഇളവുകൾ അനുവദിക്കാൻ ഖത്തർ ക്യാബിനറ്റ് തീരുമാനിച്ചു. ഖത്തർ പ്രധാനമന്ത്രി H.E. ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽഅസീസ് അൽ താനിയുടെ നേതൃത്വത്തിൽ 2022 മാർച്ച് 30-ന് വൈകീട്ട് ചേർന്ന ക്യാബിനറ്റ് യോഗത്തിലാണ് ഈ തീരുമാനം.

ഖത്തർ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഈ തീരുമാന പ്രകാരം 2022 ഏപ്രിൽ 2 മുതൽ ഖത്തറിലെ COVID-19 നിയന്ത്രണങ്ങൾ സംബന്ധിച്ച് താഴെ പറയുന്ന കാര്യങ്ങൾ പ്രാബല്യത്തിൽ വരുന്നതാണ്:

  • രാജ്യത്തെ ഇൻഡോർ പൊതു ഇടങ്ങളിലേക്കുള്ള പ്രവേശനം താഴെ പറയുന്ന രീതിയിൽ നടപ്പിലാക്കുന്നതാണ്.
  • COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർ, രോഗമുക്തി നേടിയവർ, വാക്സിനെടുക്കുന്നതിൽ ഔദ്യോഗിക ഇളവ് നേടിയവർ എന്നീ വിഭാഗങ്ങളിലുള്ള മുഴുവൻ പൗരന്മാർക്കും, പ്രവാസികൾക്കും, സന്ദർശകർക്കും രാജ്യത്തെ ഇൻഡോർ പൊതു ഇടങ്ങളിലേക്ക് പ്രവേശിക്കാം.
  • രാജ്യത്തെ ഇൻഡോർ പൊതു ഇടങ്ങളിൽ, ഇത്തരം ഇടങ്ങളുടെ പരമാവധി ശേഷിയുടെ 20 ശതമാനം എന്ന രീതിയിൽ, COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാത്ത പൗരന്മാർക്കും, പ്രവാസികൾക്കും, സന്ദർശകർക്കും റാപിഡ് ആന്റിജൻ പരിശോധനാ ഫലം ഉപയോഗിച്ച് കൊണ്ട് പ്രവേശനം നൽകും. ജിം, കായികമത്സര വേദികൾ, കോൺഫറൻസ്, എക്സിബിഷൻ, മറ്റു പരിപാടികൾ എന്നിവ നടക്കുന്ന വേദികൾ തുടങ്ങിയ ഇൻഡോർ വേദികൾക്ക് ഈ തീരുമാനം ബാധകം. ഇത്തരം ഇടങ്ങളിൽ പ്രവേശിക്കുന്നതിന് മുൻപ് 24 മണിക്കൂറിനിടയിൽ നേടിയ റാപിഡ് ആന്റിജൻ പരിശോധനാ ഫലമാണ് ഇതിനായി ഉപയോഗിക്കേണ്ടത്.
  • രാജ്യത്ത് നടത്തുന്ന കോൺഫെറൻസുകൾ, എക്സിബിഷനുകൾ, മറ്റു പരിപാടികൾ എന്നിവ ആരോഗ്യ മന്ത്രാലയത്തിന്റെ നിബന്ധനകൾ പാലിച്ച് കൊണ്ട് സംഘടിപ്പിക്കേണ്ടതാണെന്ന നിബന്ധന തുടരും.
  • സർക്കാർ മേഖലയിലും, സ്വകാര്യ മേഖലയിലും മുഴുവൻ ജീവനക്കാർക്കും ഓഫീസുകളിൽ നിന്ന് ജോലി ചെയ്യുന്നതിന് നൽകിയിട്ടുള്ള അനുമതി തുടരും.
  • സർക്കാർ മേഖലയിലെയും, സ്വകാര്യ മേഖലയിലെയും COVID-19 വാക്സിൻ സ്വീകരിക്കാത്ത മുഴുവൻ ജീവനക്കാർക്കും ആഴ്ച്ച തോറും റാപിഡ് ആന്റിജൻ പരിശോധന നിർബന്ധമാക്കിയിട്ടുള്ളത് തുടരും.
  • രാജ്യത്തെ ഇൻഡോർ പൊതു ഇടങ്ങളിൽ മാസ്കുകളുടെ ഉപയോഗം നിർബന്ധമാണ്. എന്നാൽ മാളുകളിൽ മാസ്കുകളുടെ ഉപയോഗം നിബന്ധനകൾക്ക് വിധേയമായി ഒഴിവാക്കിയിട്ടുണ്ട്. മാളുകൾക്കുള്ളിൽ പ്രവർത്തിക്കുന്ന വ്യാപാരശാലകളിലേക്കും, സ്ഥാപനങ്ങളിലേക്കും പ്രവേശിക്കുന്നവർ മാസ്ക് ധരിക്കേണ്ടതാണ്. മറ്റു അവസരങ്ങളിൽ മാളുകളിൽ മാസ്കുകൾ ഒഴിവാക്കാൻ അനുമതി നൽകിയിട്ടുണ്ട്.
  • ഔട്ഡോർ പൊതു ഇടങ്ങളിൽ മാസ്കുകൾ ആവശ്യമെങ്കിൽ ഒഴിവാക്കാവുന്നതാണെന്ന നിബന്ധന തുടരും. തുറന്ന ഇടങ്ങളിൽ ഉപഭോക്താക്കളുമായി ഇടപഴകുന്ന ജീവനക്കാർക്ക് മാസ്കുകൾ നിർബന്ധമാണ്.
  • വീടിനു പുറത്തിറങ്ങുന്ന മുഴുവൻ പൗരന്മാരും, പ്രവാസികളും തങ്ങളുടെ സ്മാർട്ട് ഫോണുകളിൽ നിർബന്ധമായും ‘EHTERAZ’ ആപ്പ് ഇൻസ്റ്റാൾ ചെയ്യേണ്ടതും, ഈ ആപ്പ് പ്രയോഗക്ഷമമാക്കേണ്ടതുമാണ്.
  • വിവാഹ ചടങ്ങുകൾ നടത്തുന്നതിന് നൽകിയിട്ടുള്ള അനുമതികൾ തുടരും.