എമിറേറ്റിലെ പൊതു പാർക്കിംഗ് ഇടങ്ങളിൽ മാർച്ച് 25 മുതൽ മൂന്ന് ദിവസത്തേക്ക് പാർക്കിംഗ് സൗജന്യമായിരിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. യു എ ഇ ധനകാര്യ മന്ത്രിയും, ദുബായ് ഡെപ്യൂട്ടി ഭരണാധികാരിയുമായ ഷെയ്ഖ് ഹംദാൻ ബിൻ റാഷിദ് അൽ മക്തൂമിന്റെ നിര്യാണത്തെ തുടർന്ന് എമിറേറ്റിലെ സർക്കാർ വകുപ്പുകൾക്ക് 3 ദിവസത്തെ അവധി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഈ തീരുമാനം.
മാർച്ച് 24-ന് രാത്രിയാണ് RTA ഇക്കാര്യം അറിയിച്ചത്. ഈ തീരുമാന പ്രകാരം മാർച്ച് 25, വ്യാഴാഴ്ച്ച മുതൽ മാർച്ച് 27, ശനിയാഴ്ച്ച വരെയാണ് എമിറേറ്റിലെ പൊതു പാർക്കിംഗ് ഇടങ്ങൾ സൗജന്യമാക്കുന്നത്. ബഹുനില പാർക്കിംഗ് ഇടങ്ങളിൽ ഈ തീരുമാനം ബാധകമല്ലെന്നും RTA അറിയിച്ചിട്ടുണ്ട്.
മാർച്ച് 28, ഞായറാഴ്ച്ച മുതൽ പാർക്കിംഗ് ഫീ തിരികെ ഏർപ്പെടുത്തുന്നതാണ്. RTA-യുടെ കീഴിലുള്ള കസ്റ്റമർ ഹാപ്പിനെസ്സ് കേന്ദ്രങ്ങൾ, സേവന കേന്ദ്രങ്ങൾ എന്നിവ ഈ കാലയളവിൽ അവധിയായിരിക്കും.