2021 സെപ്റ്റംബർ 24 മുതൽ രാജ്യത്തെ പള്ളികൾ വെള്ളിയാഴ്ച്ച പ്രാർത്ഥനകൾക്കായി തുറന്ന് കൊടുക്കാൻ ഒമാൻ മിനിസ്ട്രി ഓഫ് റിലീജിയസ് ആൻഡ് എൻഡോവ്മെന്റ് അഫയേഴ്സ് തീരുമാനിച്ചു. സെപ്റ്റംബർ 19-നാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
ഓൺലൈൻ പോർട്ടലിലൂടെ പെർമിറ്റുകൾ അപേക്ഷിക്കുന്നവർക്ക് പള്ളികളിലേക്ക് പ്രവേശനം അനുവദിക്കുന്ന രീതിയിലാണ് ഈ തീരുമാനം നടപ്പിലാക്കുന്നത്. വെള്ളിയാഴ്ച്ച പ്രാർത്ഥനകൾക്കായുള്ള ഓൺലൈൻ പെർമിറ്റുകൾക്കായുള്ള അപേക്ഷകൾ https://www.mara.gov.om/arabic/jmah_form.aspx എന്ന വിലാസത്തിലൂടെ സെപ്റ്റംബർ 19, ഞായറാഴ്ച്ച മുതൽ സമർപ്പിക്കാവുന്നതാണ്.
താഴെ പറയുന്ന നിബന്ധനകൾക്ക് വിധേയമായാണ് ഒമാനിലെ പള്ളികളിൽ വെള്ളിയാഴ്ച്ച പ്രാർത്ഥനകൾ അനുവദിക്കുന്നത്:
- പള്ളികളിലെത്തുന്നവർക്ക് ഓൺലൈൻ പോർട്ടലിലൂടെ ലഭിച്ച പെർമിറ്റ് നിർബന്ധമാണ്.
- പള്ളികളിൽ പരമാവധി അനുവദിക്കുന്ന വിശ്വാസികളുടെ എണ്ണം ഓരോ പള്ളികളുടെയും പരമാവധി ശേഷിയുടെ 50 ശതമാനമാക്കി നിജപ്പെടുത്തുന്നതാണ്.
- COVID-19 വ്യാപനം തടയുന്നതിനായുള്ള എല്ലാ മുൻകരുതൽ നടപടിക്രമങ്ങളും പള്ളികളിൽ നടപ്പിലാക്കുന്നതാണ്.
- COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് മാത്രമാണ് ഇത്തരത്തിൽ പ്രവേശനം അനുവദിക്കുന്നത്.
- പള്ളികളിലെത്തുന്നവർക്ക് മാസ്കുകൾ നിർബന്ധമാണ്.
- പള്ളികളിലെത്തുന്നവർ കൃത്യമായ സമൂഹ അകലം പാലിക്കേണ്ടതാണ്.
- പ്രാർത്ഥനകൾക്കെത്തുന്നവർ തങ്ങളുടെ കൈവശം നിസ്കാരപായകൾ നിർബന്ധമായും കരുതേണ്ടതാണ്.
പള്ളികളിലെത്തുന്നവരുടെ വാക്സിനേഷൻ രേഖകൾ പരിശോധിക്കുന്നതിനായി പ്രത്യേക സന്നദ്ധസേവകരെ ഏർപ്പെടുത്തുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഈ രേഖകൾ പ്രകാരം രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുള്ളവർക്ക് മാത്രമായിരിക്കും പ്രവേശനം നൽകുക എന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.