രാജ്യത്തെ പരമാവധി ഇന്ധന വില 2021 ഒക്ടോബറിലെ ഇന്ധന വിലയായി സ്ഥിരപ്പെടുത്തിയ തീരുമാനം തുടരുമെന്ന് ഒമാൻ ധനകാര്യ വകുപ്പ് സ്ഥിരീകരിച്ചു. ഒമാൻ ധനകാര്യ മന്ത്രി H.E. സുൽത്താൻ സലേം അൽ ഹബ്സിയെ ഉദ്ധരിച്ച് കൊണ്ട് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇന്ധന വില സ്ഥിരപ്പെടുത്തിയ തീരുമാനം പിൻവലിക്കുന്നത് സംബന്ധിച്ച് നിലവിൽ ആലോചിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒമാനിലെ പരമാവധി ഇന്ധന വില 2021 ഒക്ടോബറിലെ ഇന്ധന വിലയായി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2024-ലെ ബജറ്റ് പ്രഖ്യാപനവുമായി ബന്ധപ്പെട്ട പത്രസമ്മേളനത്തിലാണ് അദ്ദേഹം ഈ കാര്യം അറിയിച്ചത്. രാജ്യത്തെ പരമാവധി ഇന്ധന വില സ്ഥിരപ്പെടുത്താൻ ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖ് 2021 നവംബർ 9-ന് ക്യാബിനറ്റിന് നിർദ്ദേശം നൽകിയിരുന്നു.
2021 ഒക്ടോബറിലെ ഇന്ധന വില ഇന്ധനത്തിന്റെ പരമാവധി വിലയായി സ്ഥിരപ്പെടുത്തുന്നതിനാണ് ഒമാൻ ഭരണാധികാരി ക്യാബിനറ്റിന് നിർദ്ദേശം നൽകിയത്. M95 പെട്രോൾ – ലിറ്ററിന് 239 ബൈസ, M91 പെട്രോൾ – ലിറ്ററിന് 229 ബൈസ, ഡീസൽ – ലിറ്ററിന് 258 ബൈസ എന്നിങ്ങനെയായിരുന്നു 2021 ഒക്ടോബർ മാസത്തിലെ രാജ്യത്തെ ഇന്ധന വില.
ഇന്ധന വില ഉയരുന്ന സാഹചര്യത്തിൽ ചില്ലറ വില്പനയിൽ വരുന്ന വില വ്യത്യാസം സർക്കാർ വഹിക്കുന്ന രീതിയിലാണ് ഇന്ധന വില സ്ഥിരപ്പെടുത്തിയിരിക്കുന്നത്.