എമിറേറ്റിൽ ഒരു സൗജന്യ COVID-19 ഡ്രൈവ്-ത്രൂ ടെസ്റ്റിംഗ് കേന്ദ്രം പ്രവർത്തനമാരംഭിച്ചതായി ഫുജൈറ പോലീസ് ജനറൽ ഹെഡ്ക്വാർട്ടേഴ്‌സ് അറിയിച്ചു. ഫുജൈറ മെഡിക്കൽ ഡിസ്ട്രിക്ടുമായി സഹകരിച്ചാണ് പോലീസ് ഈ കേന്ദ്രം ആരംഭിച്ചിരിക്കുന്നത്.
ഫുജൈറ പോലീസ് കമാണ്ടർ ഇൻ ചീഫ് മേജർ ജനറൽ മുഹമ്മദ് അഹ്മദ് ബിൻ ഘാനേം അൽ കാബി, ഫുജൈറ മെഡിക്കൽ ഡിസ്ട്രിക്റ്റ് ഡയറക്ടർ ഡോ. മുഹമ്മദ് അബ്ദുല്ല സയീദ് എന്നിവ ചേർന്നാണ് ഈ ഡ്രൈവ്-ത്രൂ ടെസ്റ്റിംഗ് കേന്ദ്രം ഉദ്ഘാടനം ചെയ്തത്. വാഹനങ്ങളിലെത്തുന്നവർക്ക് ഈ കേന്ദ്രത്തിൽ നിന്ന് സൗജന്യമായി COVID-19 ടെസ്റ്റിംഗ് സേവനങ്ങൾ ലഭ്യമാണെന്ന് മേജർ ജനറൽ അൽ കാബി വ്യക്തമാക്കി.
ഫുജൈറ പോലീസ് ജനറൽ ഹെഡ്ക്വാർട്ടേഴ്‌സിന് സമീപത്താണ് ഈ കേന്ദ്രം ആരംഭിച്ചിരിക്കുന്നത്. ദിനവും ഉച്ചയ്ക്ക് 2 മണി മുതൽ വൈകീട്ട് 7 മണിവരെയാണ് ഈ കേന്ദ്രത്തിൽ നിന്ന് സേവനങ്ങൾ ലഭ്യമാക്കുന്നതെന്ന് ഫുജൈറ പോലീസ് ഓപ്പറേഷൻസ് ഡിപ്പാർട്മെന്റ് ഡയറക്ടർ ബ്രിഗേഡിയർ അബ്ദുൽ റഹ്മാൻ മുഹമ്മദ് അൽ ധൻഹാനി വ്യക്തമാക്കി.
ഈ കേന്ദ്രത്തിൽ നിന്നുള്ള സേവനങ്ങൾക്കായെത്തുന്ന പൊതുജനങ്ങൾ തങ്ങളുടെ ഐഡി കാർഡ് ഹാജരാക്കേണ്ടതും, മുൻകരുതൽ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കേണ്ടതുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.