യു എ ഇ ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി എമിറേറ്റിലെ ട്രാഫിക് പിഴ തുകകളിൽ അമ്പത് ശതമാനം ഇളവ് അനുവദിച്ചതായി ഫുജൈറ പോലീസ് വ്യക്തമാക്കി. നവംബർ 25-നാണ് ഫുജൈറ പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഫുജൈറ കിരീടാവകാശി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ശർഖിയുടെ ഉത്തരവ് പ്രകാരമാണ് പോലീസ് ഇത്തരം ഒരു ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. 2021 നവംബർ 25-ന് മുൻപ് ചുമത്തിയിട്ടുള്ള ട്രാഫിക് പിഴകൾക്കാണ് ഈ ഇളവ് അനുവദിക്കുന്നതെന്ന് ഫുജൈറ പോലീസ് ചീഫ് മേജർ ജനറൽ മുഹമ്മദ് അഹ്മദ് ബിൻ ഗാനെം അൽ കാബി വ്യക്തമാക്കി.
പൊതുജനങ്ങൾക്ക് 2021 നവംബർ 28 മുതൽക്കുള്ള അമ്പത് ദിവസങ്ങളിൽ ഈ ഇളവിന്റെ ആനുകൂല്യം ഉപയോഗിക്കാവുന്നതാണ്. ഈ കാലയളവിൽ ഇത്തരം പിഴതുകകൾ 50 ശതമാനം കുറയ്ക്കുന്നതിനൊപ്പം, ഇവയുമായി ബന്ധപ്പെട്ട ട്രാഫിക് പോയിന്റുകൾ, വാഹനങ്ങൾ പിടിച്ചെടുക്കുന്ന നടപടികൾ എന്നിവ ഒഴിവാക്കാനും ഫുജൈറ പോലീസ് തീരുമാനിച്ചിട്ടുണ്ട്. ഗുരുതര നിയമലംഘനങ്ങൾ ഒഴികെയുള്ള ട്രാഫിക് ലംഘനങ്ങൾക്ക് മാത്രമാണ് ഈ ഇളവ് ബാധകമാകുന്നത്.
നേരത്തെ അജ്മാൻ, ഷാർജ, ഉം അൽ കുവൈൻ എന്നീ എമിറേറ്റുകളും ട്രാഫിക് പിഴ തുകകളിൽ സമാനമായ ഇളവുകൾ പ്രഖ്യാപിച്ചിരുന്നു.