ഒമാൻ: ഏകീകൃത ടൂറിസ്റ്റ് വിസ സംബന്ധിച്ച് ജി സി സി ടൂറിസം അധികൃതർ ചർച്ച നടത്തി

featured GCC News

ഏകീകൃത ജി സി സി ടൂറിസ്റ്റ് വിസ സംബന്ധിച്ച് ഗൾഫ് കോഓപ്പറേഷൻ കൗൺസിൽ (ജി സി സി) ടൂറിസം അധികൃതർ ഒമാനിൽ വെച്ച് ചർച്ച നടത്തി. ഒമാനിലെ അൽ ദാഖിലിയ ഗവർണറേറ്റിലെ ഒമാൻ എക്രോസ് ഏജസ് മ്യൂസിയത്തിൽ വെച്ച് നടന്ന ജി സി സി അണ്ടർസെക്രട്ടറിമാരുടെ ഏഴാമത് യോഗത്തിലാണ് ഇക്കാര്യം ചർച്ച ചെയ്തത്.

2023 ഒക്ടോബർ 4-ന് രാത്രിയാണ് ഒമാൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ജി സി സി രാജ്യങ്ങൾക്കിടയിൽ സഞ്ചരിക്കാനുതകുന്ന ഏകീകൃത ജി സി സി ടൂറിസ്റ്റ് വിസയുമായി ബന്ധപ്പെട്ട ചർച്ചകൾ ഈ യോഗത്തിൽ നടന്നതായി ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Source: Oman News Agency.

ഇതിന് പുറമെ ജി സി സി ടൂറിസം നയപരിപാടികൾ, ടൂറിസം ഗൈഡ്ബുക്ക്, ഏകീകൃത പ്ലാറ്റ്‌ഫോം തുടങ്ങിയ വിഷയങ്ങളും യോഗത്തിൽ ചർച്ച ചെയ്തു. വിനോദസഞ്ചാരമേഖലയിൽ ജി സി സി രാജ്യങ്ങളിൽ നിലനിൽക്കുന്ന സാധ്യതകൾ മികച്ച രീതിയിൽ പ്രയോജനപ്പെടുത്തുന്നതിന്റെ വിവിധവശങ്ങൾ പരിശോധിക്കുന്നത് ലക്ഷ്യമിട്ടായിരുന്നു ഈ യോഗമെന്ന് ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അണ്ടർസെക്രട്ടറി അസ്സൻ ഖാസിം അൽ ബുസൈദി വ്യക്തമാക്കി.

2022-ൽ സൗദി അറേബ്യയിലെ അൽ ഉലയിൽ വെച്ച് നടന്ന ആറാമത് യോഗത്തിൽ കൈകൊണ്ടിട്ടുള്ള വിവിധ തീരുമാനങ്ങൾ നടപ്പിലാക്കുന്നതിൽ കൈവരിച്ചിട്ടുള്ള പുരോഗതികൾ അധികൃതർ യോഗത്തിൽ വിശകലനം ചെയ്തു.

Cover Image: Oman News Agency.