ഏകീകൃത ജി സി സി ടൂറിസ്റ്റ് വിസയ്ക്ക് ഗൾഫ് കോഓപ്പറേഷൻ കൗൺസിൽ (GCC) അംഗരാജ്യങ്ങൾ ഐകകണ്ഠ്യേന അംഗീകാരം നൽകി. ഒമാനിലെ മസ്കറ്റിൽ വെച്ച് നടന്ന GCC രാജ്യങ്ങളുടെ ആഭ്യന്തര മന്ത്രിമാരുടെ യോഗത്തിലാണ് ഏകീകൃത ജി സി സി ടൂറിസ്റ്റ് വിസയ്ക്ക് അംഗീകാരം നൽകിയത്.
GCC രാജ്യങ്ങളുടെ ആഭ്യന്തര മന്ത്രിമാരുടെ നാല്പതാമത് യോഗത്തിൽ വെച്ച് കോഓപ്പറേഷൻ കൗൺസിൽ ഫോർ അറബ് സ്റ്റേറ്റ്സ് സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവി ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തി. ജി സി സി രാഷ്ട്രത്തലവന്മാർ കൈക്കൊള്ളുന്ന മികച്ച തീരുമാനങ്ങളുടെയും, ജി സി സി രാജ്യങ്ങൾ പുലർത്തുന്ന ശക്തമായ ബന്ധങ്ങളുടെയും പ്രതീകമാണ് ഇത്തരം ഒരു വിസയെന്ന് അൽ ബുദൈവി ചൂണ്ടിക്കാട്ടി.
ജി സി സി രാജ്യങ്ങൾക്കിടയിൽ നടക്കുന്ന ട്രാഫിക് നിയമലംഘനങ്ങളെ ബന്ധിപ്പിക്കുന്നതിനുള്ള ഒരു ഏകീകൃത ഇലക്ട്രോണിക് സംവിധാനത്തിനും ഈ യോഗത്തിൽ തുടക്കമിട്ടിട്ടുണ്ട്.
ജി സി സി രാജ്യങ്ങൾക്കിടയിൽ സഞ്ചരിക്കാനുതകുന്ന ഏകീകൃത ടൂറിസ്റ്റ് വിസ സംബന്ധിച്ച് ഗൾഫ് കോഓപ്പറേഷൻ കൗൺസിൽ (ജി സി സി) ടൂറിസം അധികൃതർ 2023 ഒക്ടോബറിൽ ഒമാനിൽ വെച്ച് ചർച്ച നടത്തിയിരുന്നു.
തുടർന്ന് ഇത്തരം ഒരു ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വിസ അടുത്ത 2 വർഷത്തിനിടയിൽ അവതരിപ്പിക്കുമെന്ന് യു എ ഇ സാമ്പത്തിക വകുപ്പ് മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മാരി അറിയിച്ചിരുന്നു.
ഗൾഫ് കോഓപ്പറേഷൻ കൗൺസിൽ (GCC) അംഗങ്ങളായ ആറ് രാജ്യങ്ങൾക്കിടയിൽ യാത്രകൾ അനുവദിക്കുന്നതിനുള്ള ഇത്തരം ഒരു വിസ 2024-നും, 2025-നും ഇടയിൽ നടപ്പിലാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Cover Image: @GCCSG.