ദുബായ്: റെസിഡൻസി വിസക്കാരുടെ യാത്രാ സംശയങ്ങൾക്ക് മറുപടിയുമായി GDRFA ഡയറക്ടർ ജനറൽ

GCC News

രാജ്യത്തിന് അകത്തും, പുറത്തുമുള്ള നിരവധി പ്രവാസികളുടെ റെസിഡൻസി വിസകളുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങൾ, യാത്രാ നിബന്ധനകൾ മുതലായ വിവിധ സംശയങ്ങൾക്ക്, ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്‌സ് (GDRFA) ഡയറക്ടർ ജനറൽ മേജർ ജനറൽ മുഹമ്മദ് അൽ മാരി മറുപടി നൽകി. ഗവൺമെന്റ് ഓഫ് ദുബായ് മീഡിയ ഓഫീസ് (GDMO) ആരംഭിച്ചിട്ടുള്ള ‘AskDXBOfficial’ എന്ന പദ്ധതിയുടെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊതുസമൂഹത്തിനും, മാധ്യമങ്ങൾക്കും ദുബായ് സർക്കാരിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി സംശയങ്ങൾ ചോദിക്കുന്നതിനും, കാര്യങ്ങൾ പങ്കുവെക്കുന്നതിനുമുള്ള ഒരു പ്ലാറ്റ് ഫോം എന്ന നിലയിലാണ് GDMO ഈ സംരംഭം ആരംഭിച്ചിട്ടുള്ളത്. ഈ പ്ലാറ്റ് ഫോമിലൂടെ സംവദിക്കുന്ന ദുബായ് സർക്കാരിലെ ആദ്യത്തെ മുതിർന്ന ഉദ്യോഗസ്ഥനാണ് അൽ മാരി.

റെസിഡൻസി വിസകളുമായി ബന്ധപ്പെട്ടുള്ള സംശയങ്ങൾക്ക് അദ്ദേഹം നൽകിയ മറുപടികൾ GDMO സമൂഹ മാധ്യമങ്ങളിലൂടെ പങ്ക് വെച്ചു.

ദുബായിലേക്ക് മടങ്ങിയെത്തുന്നതിനു GDRFA അനുവാദം ലഭിച്ചിട്ടുള്ള റെസിഡൻസി വിസക്കാർക്ക് അബുദാബി, ഷാർജ തുടങ്ങിയ മറ്റു എമിറേറ്റുകളിലെ വിമാനത്താവളങ്ങളിലൂടെ പ്രവേശിക്കാമോ?

ദുബായിലേക്ക് മടങ്ങിയെത്തുന്നതിനു GDRFA അനുവാദം ലഭിച്ചിട്ടുള്ള റെസിഡൻസി വിസക്കാർക്ക് GDRFA പെർമിറ്റ് ഉപയോഗിച്ച് കൊണ്ട് യു എ ഇയിലെ എല്ലാ വിമാനത്താവളങ്ങളിലൂടെയും പ്രവേശിക്കാവുന്നതാണ്.

ജോലി നഷ്ടപ്പെട്ട ശേഷം നാട്ടിലേക്ക് മടങ്ങാനാകാതെ യു എ ഇയിൽ തുടരേണ്ടിവരുന്ന, പിഴതുകകൾ ഒടുക്കാൻ നിർവാഹമില്ലാത്തവർക്കുള്ള ഉപദേശം എന്താണ്?

“യാത്രാ നിയന്ത്രണങ്ങൾ മൂലം ജോലി നഷ്ടപ്പെട്ട്, പിഴ ശിക്ഷ ലഭിച്ചവർക്ക് യു എ ഇയിൽ നിന്ന് മടങ്ങാനുള്ള എല്ലാ വഴികളും അടഞ്ഞതായി കരുതരുത്. ദുബായ് എയർപോർട്ട്, GDRFA എന്നിവർ ഇത്തരം മാനുഷിക പരിഗണന അർഹിക്കുന്ന ഓരോ വ്യക്തികളുടെയും പ്രശ്നങ്ങൾ വെവ്വേറെ പരിഗണിക്കുന്നതാണ്. പിഴതുകകൾ നിലനിൽക്കുന്നുണ്ടെങ്കിലും, മാനുഷികപരിഗണനയ്ക്ക് അർഹരായവർക്ക് തങ്ങളുടെ രാജ്യത്തേക്ക് മടങ്ങുന്നതിനു ആവശ്യമായ നടപടികൾ GDRFA ഏർപ്പെടുത്തുന്നതാണ്. ഇത്തരക്കാർക്ക് ദുബായിൽ തന്നെ പുതിയ ജോലി ലഭിക്കട്ടെ എന്ന് പ്രത്യാശിക്കുന്നു.”, അൽ മാരി വ്യക്തമാക്കി.

റെസിഡൻസി വിസ കാലാവധി അവസാനിച്ചവർക്ക് അവ പുതുക്കാതെ യു എ ഇയിൽ നിന്ന് പുറത്തേക്ക് യാത്ര ചെയ്ത് മടങ്ങിയെത്താൻ കഴിയുമോ?

“കാലാവധി അവസാനിച്ച റെസിഡൻസി വിസകളിലുള്ളവർക്ക്, അവ പുതുക്കുന്നതിന് മുൻപ് രാജ്യത്തു നിന്ന് പുറത്തേക്ക് യാത്ര ചെയ്യാൻ അനുമതി ഇല്ല. ഇത്തരക്കാർ യു എ ഇയിൽ നിന്ന് മടങ്ങുന്നതിനു മുൻപായി റെസിഡൻസി വിസകൾ പുതുക്കുന്നതാണ്, തിരികെ മടങ്ങുമ്പോൾ ഉണ്ടായേക്കാവുന്ന സാങ്കേതിക തടസങ്ങൾ ഒഴിവാക്കുന്നതിന് അഭികാമ്യം.”, അൽ മാരി അറിയിച്ചു.

6 മാസത്തിലധികമായി യു എ ഇയ്ക്ക് പുറത്തുള്ള സാധുതയുള്ള റെസിഡൻസി വിസകൾ ഉള്ളവർക്ക് ദുബായിലേക്ക് തിരികെ മടങ്ങാനുള്ള നടപടികൾ എന്തെല്ലാമാണ്?

“6 മാസത്തിലധികമായി യു എ ഇയ്ക്ക് പുറത്തുള്ള സാധുതയുള്ള റെസിഡൻസി വിസകൾ ഉള്ളവർക്ക്, അവർ യാത്ര തിരിക്കുന്ന രാജ്യത്ത് നിന്ന് യു എ എയിലേക്ക് വ്യോമയാന സേവനങ്ങൾക്ക് വിലക്കുകൾ ഒന്നും ഇല്ലെങ്കിൽ ദുബായിലേക്ക് മടങ്ങാവുന്നതാണ്. ഇത്തരക്കാർക്ക് GDRFA-യുടെ പെർമിറ്റ് ലഭിച്ച ശേഷം, COVID-19 നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മടങ്ങിയെത്തുന്നതിനു മറ്റു തടസങ്ങളില്ല.”, അൽ മാരി വ്യക്തമാക്കി.

GDRFA പെർമിറ്റ് അനുവദിക്കുന്നത് എന്തെല്ലാം മാനദണ്ഡങ്ങൾക്കസരിച്ചാണ്?

“സാധുതയുള്ള എല്ലാ റെസിഡൻസി വിസക്കാർക്കും യു എ യിലേക്ക് മടങ്ങാവുന്നതാണ്. എന്നാൽ ഏതാനം സ്ഥാപനങ്ങൾക്ക്, അവരുടെ കീഴിലുള്ള ജീവനക്കാർക്ക് വേണ്ടി GDRFA പെർമിറ്റ് അപേക്ഷകൾ നേരിട്ട് അപേക്ഷിക്കുന്നത് നിർബന്ധമാക്കിയിട്ടുണ്ട്. മടങ്ങിയെത്തുന്ന റെസിഡൻസി വിസക്കാരുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കുന്നതിനായാണ് ഈ നടപടി. ഇത്തരം ഏതാനം അപേക്ഷകൾക്ക് ഇതിനകം തന്നെ പെർമിറ്റ് അനുവദിച്ചിട്ടുണ്ട്.”, അൽ മാരി അറിയിച്ചു.