പരിശുദ്ധ റമദാനിൽ എമിറേറ്റിലെ വ്യോമ, കര അതിർത്തി കവാടങ്ങളിലൂടെ എത്തുന്ന വിനോദസഞ്ചാരികളെ സ്വാഗതം ചെയ്യുന്നതിനായി ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (GDRFA) രണ്ട് പ്രത്യേക പദ്ധതികൾക്ക് തുടക്കം കുറിച്ചു.
ഇതിന്റെ ഭാഗമായി ദുബായിൽ എത്തുന്ന വിനോദസഞ്ചാരികളുടെ പാസ്പോർട്ടിൽ, ഇമിഗ്രേഷൻ ഏജൻ്റുമാർ ‘റമദാൻ ഇൻ ദുബായ്’ എന്ന സവിശേഷമായ ലോഗോ ഉൾപ്പെടുന്ന മുദ്ര പതിപ്പിക്കുന്നത് ആരംഭിച്ചിട്ടുണ്ട്. ദുബായ് ഗവൺമെൻ്റ് മീഡിയ ഓഫീസിൻ്റെ ക്രിയേറ്റീവ് വിഭാഗമായ ബ്രാൻഡ് ദുബായ് ആണ് ഈ ലോഗോ വികസിപ്പിച്ചത്.
ഇതോടൊപ്പം സഞ്ചാരികൾക്ക് കോംപ്ലിമെൻ്ററി സിം കാർഡുകളും നൽകുന്നുണ്ട്. ദുബായിൽ താമസിക്കുന്ന കാലയളവിൽ സഞ്ചാരികൾക്ക് തടസ്സമില്ലാത്ത ആശയവിനിമയം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ഡുവുമായി സഹകരിച്ച് കൊണ്ട് GDRFA ഈ സിം കാർഡുകൾ വിതരണം ചെയ്യുന്നത്.
ഇത് കൂടാതെ, സന്ദർശകർക്ക് ലഭിക്കുന്ന പ്രത്യേക ക്യുആർ കോഡ് സ്കാൻ ചെയ്തു കൊണ്ട് ബ്രാൻഡ് ദുബായിയുടെ ദുബായ് ഡെസ്റ്റിനേഷൻസ് ഗൈഡായ ‘റമദാൻ ഇവെന്റ്സ് ഇൻ ദുബായ്’ ഉപയോഗിക്കാവുന്നതാണ്. നഗരത്തിൻ്റെ വൈവിധ്യമാർന്ന ലക്ഷ്യസ്ഥാനങ്ങളും അനുഭവങ്ങളും പട്ടികപ്പെടുത്തുന്ന ഈ ഗൈഡ് ഇംഗ്ലീഷിലും അറബിയിലും ലഭ്യമാണ്.
ഈ ഇൻ്ററാക്ടീവ് ഗൈഡ് https://dubaidestinations.ae/guides/pdf/Ramadan_Events_in_Dubai.pdf എന്ന വിലാസത്തിലും ലഭ്യമാക്കിയിട്ടുണ്ട്. പരമ്പരാഗത റമദാൻ പാരമ്പര്യങ്ങൾ, ആഘോഷങ്ങൾ, കുടുംബ സൗഹൃദ പ്രവർത്തനങ്ങൾ തുടങ്ങി ദുബായിലുടനീളമുള്ള ആകർഷണങ്ങളുടെയും പരിപാടികളുടെയും സമഗ്രമായ പട്ടിക ഈ ഗൈഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
WAM