നാല്പതാമത് ജിടെക്സ് ടെക്നോളജി വീക്കിന് ഡിസംബർ 6, ഞായറാഴ്ച്ച ദുബായ് കിരീടാവകാശി H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സാന്നിദ്ധ്യത്തിൽ തുടക്കമായി. മേഖലയിലെ ഏറ്റവും വലിയ സാങ്കേതികവിദ്യാ പ്രദർശനമായ ജിടെക്സ് ടെക്നോളജി വീക്ക് 2020, ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ വെച്ച് ഡിസംബർ 6 മുതൽ 10 വരെയാണ് സംഘടിപ്പിക്കുന്നത്.
ഈ വർഷത്തെ ജിടെക്സ് ടെക്നോളജി വീക്കിൽ സാങ്കേതിക രംഗത്തെ ഏതാണ്ട് 1200-ൽ പരം പ്രമുഖ സ്ഥാപനങ്ങളും, 60-തോളം രാജ്യങ്ങളിൽ നിന്നുള്ള സ്റ്റാർട്ടപ്പ് കമ്പനികളുമാണ് പങ്കെടുക്കുന്നത്. 30-തോളം രാജ്യങ്ങളിൽ നിന്നുള്ള 350 പ്രഭാഷകർ ജിടെക്സ് ടെക്നോളജി വീക്കിൽ സംസാരിക്കുന്നതാണ്. മുപ്പതോളം രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപകരും ഈ സാങ്കേതിക പ്രദർശനത്തിൽ പങ്കെടുക്കും.
കൊറോണ വൈറസ് വ്യാപന പശ്ചാത്തലത്തിൽ സന്ദർശകരുടെ നേരിട്ടുള്ള പങ്കാളിത്തം ഉറപ്പാക്കുന്ന ഏക സാങ്കേതിക പ്രദർശനം എന്ന ഖ്യാതിയും ജിടെക്സ് ടെക്നോളജി വീക്കിനുണ്ട്. മേളയിൽ പങ്കെടുക്കുന്നവരുടെയും, സന്ദർശകരുടെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള എല്ലാ മുൻകരുതലുകളോടും കൂടിയാണ് ജിടെക്സ് ടെക്നോളജി വീക്ക് സംഘടിപ്പിക്കുന്നത്.
“2020-ൽ സന്ദർശകരുടെ നേരിട്ടുള്ള പങ്കാളിത്തത്തോടെ നടക്കുന്ന ഏക ആഗോള സാങ്കേതിക വിദ്യാ പ്രദർശനമായ ജിടെക്സ് ടെക്നോളജി വീക്ക് സംഘടിപ്പിക്കുന്നതിലൂടെ ദുബായിയും, യു എ ഇയും ആഗോള വാണിജ്യ, സാമ്പത്തിക മേഖലകളുടെ പുനരുജ്ജീവന പ്രവർത്തനങ്ങളിൽ വഹിക്കുന്ന നേതൃത്വ സ്ഥാനം വീണ്ടും അടിവരയിട്ടിരിക്കുകയാണ്. മഹാമാരി പ്രതിരോധിക്കുന്നതിന് ദുബായ് നടപ്പിലാക്കിയ മുൻകരുതൽ നടപടികളും, സുരക്ഷാ മാർഗ്ഗങ്ങളും ആഗോള സാങ്കേതിക സമൂഹത്തിനിടയിൽ എമിറേറ്റിനെ ഇത്രയും വലിയ പ്രദർശന പരിപാടികൾ സംഘടിപ്പിക്കുന്നതിനുള്ള ഏറ്റവും സുരക്ഷിതമായ ഇടങ്ങളിലൊന്നാക്കിയെന്നത് അഭിമാനകരമാണ്.”, മേളയ്ക്ക് തുടക്കമിട്ടുകൊണ്ട് ഷെയ്ഖ് ഹംദാൻ അഭിപ്രായപ്പെട്ടു.
എമിറേറ്റ്സ് ഗ്രൂപ്പ് ചെയർമാനും, ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡന്റുമായ H.H. ഷെയ്ഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തൂം, ദുബായ് വേൾഡ് ട്രേഡ് സെന്റർ അതോറിറ്റി ഡയറക്ടർ ജനറൽ ഹെലാൽ സയീദ് അൽമാരി എന്നിവരും ഈ ചടങ്ങിൽ സന്നിഹിതരായിരുന്നു. തുടർന്ന് ഇവർ പ്രമുഖ അന്താരാഷ്ട്ര കമ്പനികളായ മൈക്രോസോഫ്റ്റ്, അവയ, ഹുവാവേ, ആസ്പയർ, കാസ്‌പെർസ്‌കി എന്നിവയുടെ പവലിയനുകളിൽ സന്ദർശനം നടത്തി.
സൗദി അറേബ്യ, ഇസ്രായേൽ, ഫ്രാൻസ്, ബഹ്‌റൈൻ, ജപ്പാൻ, യുഎസ്എ, യുകെ, ബെൽജിയം, ബ്രസീൽ, ഇറ്റലി, ഹോങ്കോംഗ്, പോളണ്ട്, റൊമാനിയ, റഷ്യ, നൈജീരിയ എന്നിവയുൾപ്പെടെ സാങ്കേതികമായി നൂതനമായ നിരവധി രാജ്യങ്ങളുടെ പവലിയനുകൾ ജിടെക്സ് ടെക്നോളജി വീക്കിൽ പങ്കെടുക്കുന്നുണ്ട്. ദുബായ് ഇൻറർനെറ്റ് സിറ്റി, ദുബായ് മുനിസിപ്പാലിറ്റി, ദുബായ് ഹെൽത്ത് അതോറിറ്റി, ദുബായ് കസ്റ്റംസ്, ദുബായ് പോലീസ്, ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്, ടെലികമ്മ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി, ദുബായ് ഇലക്ട്രോണിക് സെക്യൂരിറ്റി സെന്റർ, ദുബായ് കൊമേഴ്സിറ്റി, ഡു, ഇത്തിസലാത്ത് തുടങ്ങിയ പ്രാദേശിക കമ്പനികളുടെ പവലിയനുകളും മേളയിലുണ്ട്. COVID-19 ഉയർത്തിയ വെല്ലുവിളികൾക്ക് ശേഷം നടക്കുന്ന ഈ സാങ്കേതിക സമ്മേളന, പ്രദർശന പരിപാടി, കൊറോണ വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തിൽ വിപണിയിൽ ഉടലെടുത്ത മാന്ദ്യത്തിൽ നിന്ന് പുത്തനുണർവ് നേടുന്നതിന് സഹായകമാകുമെന്നാണ് വിദഗ്ദർ പ്രതീക്ഷിക്കുന്നത്.
ജിടെക്സ് ടെക്നോളജി വീക്ക് സന്ദർശിക്കുന്നതിന് ഓൺലൈൻ രജിസ്ട്രേഷൻ നിർബന്ധമാണ്. https://www.gitex.com/, https://www.gitexfuturestars.com/ എന്നീ വിലാസങ്ങളിൽ നിന്ന് ഓൺലൈൻ രജിസ്ട്രേഷൻ ലഭ്യമാണ്. സന്ദർശകർക്ക് പാർക്കിങ്ങ് സൗജന്യമാണ്.