നാല്പത്തൊന്നാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ (SIBF) ആദ്യ ദിനം സന്ദർശകരുടെ പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായി. 2022 നവംബർ 2 മുതൽ SIBF വേദിയിലേക്ക് സന്ദർശകർക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്.
പുസ്തകമേളയുടെ ആദ്യ ദിനത്തിൽ സന്ദർശകരുടെ വലിയ തിരക്ക് അനുഭവപ്പെട്ടു.

നാല്പത്തൊന്നാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള (SIBF) 2022 നവംബർ 1, ചൊവ്വാഴ്ച വൈകീട്ട് ഷാർജ ഭരണാധികാരിയും, സുപ്രീം കൗൺസിൽ അംഗവുമായ H.H. ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തിരുന്നു.
ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന നാല്പത്തൊന്നാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള 2022 നവംബർ 2 മുതൽ പന്ത്രണ്ട് ദിവസം (നവംബർ 13 വരെ) നീണ്ട് നിൽക്കുന്നതാണ്.

‘സ്പ്രെഡ് ദി വേർഡ്’ എന്ന ആശയത്തിലൂന്നിയാണ് നാല്പത്തൊന്നാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള സംഘടിപ്പിക്കുന്നത്. ഈ ആശയം ശ്രേഷ്ഠമായ മൂല്യങ്ങൾ അടിസ്ഥാനപ്പെടുത്തിക്കൊണ്ട് സാംസ്‌കാരിക ആശയവിനിമയത്തിനുള്ള പാലങ്ങളായി വർത്തിക്കുന്നതിനുള്ള വാക്കുകളുടെ പ്രാപ്തിയെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നു.

ഇത്തവണത്തെ ഷാർജ പുസ്തകമേളയിൽ 95 രാജ്യങ്ങളിൽ നിന്നുള്ള രണ്ടായിരത്തിലധികം പ്രസാധകർ പങ്കെടുക്കുന്നുണ്ട്.

മേളയിലെത്തുന്ന സന്ദർശകർക്ക് നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂര്‍വ്വമായ അറബിക്, ഇസ്ലാമിക് കൈയെഴുത്തുപ്രതികളും, പുസ്തകങ്ങളും നേരിട്ട് കാണാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.

ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയ്‌റിന്റെ ഭാഗമായി നടക്കുന്ന ഈ പ്രത്യേക പ്രദർശനം അറബ് നാഗരികതയുടെ വളർച്ചയിലും, വികാസത്തിലും വിജ്ഞാനത്തിനുള്ള പ്രധാന പങ്ക് വെളിപ്പെടുത്തുന്നു.
ഇറ്റലിയിലെ കാത്തോലിക് യൂണിവേഴ്സിറ്റി ഓഫ് ദി സേക്രഡ് ഹാർട്ട്, അംബ്രോസിയൻ ലൈബ്രറി എന്നിവരുമായി സംയുക്തമായാണ് കൈയെഴുത്തുപ്രതികളുടെ ഈ പ്രത്യേക പ്രദർശനം സംഘടിപ്പിക്കുന്നത്.

എ ഡി പതിമൂന്നാം നൂറ്റാണ്ടിലേതുൾപ്പടെയുള്ള ഏതാനം കൈയെഴുത്തുപ്രതികൾ പശ്ചിമേഷ്യന്‍ പ്രദേശങ്ങളിൽ ആദ്യമായാണ് പ്രദർശനത്തിന് വെക്കുന്നത്.
പതിനഞ്ച്, പതിനാറ് നൂറ്റാണ്ടുകളിലെ എഴുന്ന് നിൽക്കുന്ന രീതിയിൽ രൂപങ്ങൾ ചിത്രണം ചെയ്തിട്ടുള്ളതും, തങ്കത്തകിട് കൊണ്ട് അരികുകൾ അലങ്കരിച്ചിട്ടുള്ളതുമായ വിശുദ്ധഖുറാനിൽ നിന്നുള്ള താളുകൾ, പതിനേഴാം നൂറ്റാണ്ടിൽ നിന്നുള്ള ‘മിറാക്കിൾസ് ഓഫ് എക്‌സിസ്റ്റൻസ്’ എന്ന വിശ്വവിജ്ഞാന ഗ്രന്ഥത്തിന്റെ കയ്യെഴുത്ത്പ്രതി, ശാസ്ത്രീയമായ വിഷയങ്ങൾ പ്രതിപാദിക്കുന്ന ചിത്രങ്ങൾ, മുഹമ്മദ് നബിയുടെ വംശാവലി ഉൾപ്പെടുത്തിയിട്ടുള്ള വംശവിഷയകമായ അത്യപൂർവമായ കയ്യെഴുത്ത്പ്രതി തുടങ്ങിയവ ഈ പ്രദർശനത്തിൽ നിന്ന് നേരിട്ട് കാണാവുന്നതാണ്.