ഗ്ലോബൽ വില്ലേജ് സീസൺ 27: കൂടുതൽ വിപുലമായ ആകർഷണങ്ങൾ ഉൾപ്പെടുത്തുമെന്ന് സംഘാടകർ

featured GCC News

2022 ഒക്ടോബർ 25 മുതൽ ആരംഭിക്കാനിരിക്കുന്ന ഗ്ലോബൽ വില്ലേജിന്റെ ഇരുപത്തേഴാം സീസണിൽ അതിഥികൾക്കായി കൂടുതൽ മികച്ച ആകർഷണങ്ങളും, സേവനങ്ങളും ഉൾപ്പെടുത്തുമെന്ന് സംഘാടകർ വ്യക്തമാക്കി. 2022 ഓഗസ്റ്റ് 26-ന് വൈകീട്ടാണ് ദുബായ് മീഡിയ ഓഫീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഇതിന്റെ ഭാഗമായി, അതിഥികൾക്ക് ഗ്ലോബൽ വില്ലേജ് വേദിയിലേക്ക് പ്രവേശിക്കുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനും, കാർ പാർക്കുകളിൽ നിന്ന് കുറഞ്ഞ ദൂരം ഉറപ്പാക്കുന്നതിനുമായി, പുതിയ സീസണിൽ, ഹാപ്പിനസ് ഗേറ്റ് എന്ന പേരിൽ ഒരു പുതിയ (മൂന്നാമത്തെ) പ്രവേശന കവാടം ഉൾപ്പെടുത്തുന്നതാണ്. ഈ പുതിയ ഗേറ്റിന് സമീപം വാലെറ്റ് പാർക്കിംഗ് സേവനം ലഭ്യമാക്കുന്നതാണ്.

സെൽഫ് പാർക്കിംഗ് ഇഷ്ടപ്പെടുന്ന സന്ദർശകർക്ക് ഗേറ്റ് ഓഫ് ദി വേൾഡിൽ ഈ സേവനം തുടർന്നും ലഭ്യമാകുമെന്നും സംഘാടകർ പുറത്തിറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചിട്ടുണ്ട്. ഗതാഗതം സുഗമമാക്കുന്നതിനായി കൂടുതൽ സൈൻ ബോർഡുകൾ സ്ഥാപിക്കുന്നതാണ്.

ഗ്ലോബൽ വില്ലേജ് വേദിയിലെ ജനപ്രിയമായ ഹാപ്പിനസ് സ്ട്രീറ്റ്, പുതിയ സീസണിൽ, മുഖം മിനുക്കി, കൂടുതൽ വിപുലീകരിച്ച് കൊണ്ടായിരിക്കും അതിഥികളെ സ്വീകരിക്കുന്നതെന്നും സംഘാടകർ അറിയിച്ചിട്ടുണ്ട്.

എട്ട് ആളുകൾ വരെയുള്ള സുഹൃത്തുക്കളും, കുടുംബാംഗങ്ങളും ഉൾപ്പെടുന്ന ഗ്രൂപ്പുകൾക്കായി സ്വകാര്യ ബട്ട്‌ലർ സേവനം ഉൾപ്പെടുത്തിയിട്ടുള്ള പ്രത്യേക ചെറു ക്യാബിനുകൾ (കബാന) ബുക്ക് ചെയ്യാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. അതിഥികൾക്ക് തങ്ങളുടെ സ്വകാര്യതയിൽ വിശ്രമിക്കുന്നതിനും, സമയം ചെലവിടുന്നതിനും ഇത് സഹായിക്കുന്നതാണ്.

അവാർഡ് നേടിയിട്ടുള്ള സ്റ്റണ്ട് ഷോകൾ കാണാനെത്തുന്ന അതിഥികൾക്ക് തങ്ങളുടെ ഇരിപ്പിടങ്ങൾ സ്റ്റാർ സീറ്റിംഗിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനുള്ള സൗകര്യവും പുതിയതായി ഉൾപ്പെടുത്തുന്നതാണ്. അതിഥികളിൽ നിന്നും പങ്കാളികളിൽ നിന്നും ലഭിക്കുന്ന ഉൾക്കാഴ്‌ചകളും ഫീഡ്‌ബാക്കും അടിസ്ഥാനമാക്കി ഗ്ലോബൽ വില്ലേജ് അനുഭവം വികസിപ്പിച്ചെടുക്കാൻ ഞങ്ങൾ നിരന്തരം ശ്രമിക്കുന്നതായി ദുബായ് ഹോൾഡിംഗ് എൻ്റർടൈൻമെൻ്റ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ മുഹമ്മദ് ഷറഫ് വ്യക്തമാക്കി.

“തങ്ങൾ ഗ്ലോബൽ വില്ലേജിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നുവെന്ന് 90 ശതമാനം അതിഥികളും ഞങ്ങളോട് പറയുമ്പോൾ, ഉപഭോക്തൃ അനുഭവം അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുന്നതിനുള്ള വഴികൾ കണ്ടെത്തുന്നത് എല്ലായ്പ്പോഴും മുൻഗണനയാണ്. അതിഥികൾ ഞങ്ങളുടെ ഗേറ്റിലേക്ക് കടക്കുമ്പോഴെല്ലാം ഞങ്ങൾ പ്രതീക്ഷിക്കുന്നതിനെ മറികടക്കാൻ ഞങ്ങൾ പരിശ്രമിക്കുന്നത് തുടരും.”, അദ്ദേഹം കൂട്ടിച്ചേർത്തു.

സീസൺ 27-നുള്ള അധിക സൗകര്യങ്ങളിൽ പാർക്കിലുടനീളം ഏർപ്പെടുത്തിയിട്ടുള്ള കൂടുതൽ ഇൻഫർമേഷൻ കൗണ്ടറുകൾ, നവീകരിച്ച പ്രാർത്ഥനാ മുറികൾ, എൻട്രി പോയിൻ്റുകളിൽ കൂടുതൽ സ്മാർട്ട് വെൻഡിംഗ് മെഷീനുകൾ, അതിഥികൾക്ക് സാധനങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിനും സൂക്ഷിക്കുന്നതിനുമുള്ള അധിക ലോക്കറുകൾ എന്നിവ ഉൾപ്പെടുന്നു.

ഗ്ലോബൽ വില്ലേജിൻ്റെ സ്വന്തം കഥാപാത്രങ്ങളായ വലീഫ്, സോയ, ഓസ്ക, അയ്യാ എന്നിവരെ ഉൾപ്പെടുത്തിയിട്ടുള്ള ബ്രാൻഡഡ് ഉൽപ്പന്നങ്ങളുടെ ഒരു പുതിയ ശ്രേണിയും ഗ്ലോബൽ വില്ലേജ് ഈ സീസണിൽ അവതരിപ്പിക്കുന്നതാണ്.

ഗ്ലോബൽ വില്ലേജിന്റെ ഇരുപത്തേഴാം സീസൺ 2022 ഒക്ടോബർ 25 മുതൽ പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കുമെന്ന് 2022 ഓഗസ്റ്റ് 4-ന് അധികൃതർ അറിയിച്ചിരുന്നു.

WAM