കൊച്ചിയിൽ നിന്ന് ഒമാനിലേക്കും, കുവൈറ്റിലേക്കും വിമാനസർവീസുകൾ ആരംഭിച്ചതായി ഗോ ഫസ്റ്റ് എയർവേസ്‌

GCC News

കൊച്ചിയിൽ നിന്ന് ഒമാനിലേക്കും, കുവൈറ്റിലേക്കും നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിച്ചതായി ഗോ ഫസ്റ്റ് എയർവേസ്‌ അറിയിച്ചു. ഇന്ത്യയിൽ നിന്ന് പശ്ചിമേഷ്യന്‍ പ്രദേശങ്ങളിലേക്കുള്ള യാത്രകൾ കൂടുതൽ സുഗമമാക്കുന്നതിന്റെ ഭാഗമായാണ് ഈ സർവീസുകൾ.

കൊച്ചിയിൽ നിന്ന് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിച്ചതായി ഗോ ഫസ്റ്റ് എയർവേസ്‌ ജൂൺ 6-ന് അറിയിച്ചു. കൊച്ചിയിൽ നിന്ന് ഒമാനിലെ മസ്കറ്റ് ഇന്റർനാഷണൽ എയർപോർട്ടിലേക്ക് നേരിട്ടുള്ള വിമാനസർവീസുകൾ 2022 ജൂൺ 2 മുതൽ ആരംഭിച്ചതായും ഗോ ഫസ്റ്റ് എയർവേസ്‌ വ്യക്തമാക്കി.

കൊച്ചിയിൽ നിന്ന് മസ്കറ്റിലേക്കുള്ള ആദ്യ ഗോ ഫസ്റ്റ് വിമാനം രാത്രി 9 മണിക്ക് (പ്രാദേശിക സമയം) യാത്ര പുറപ്പെട്ടതായും, മസ്കറ്റ് വിമാനത്താവളത്തിൽ രാത്രി 11.05-ന് (പ്രാദേശിക സമയം) എത്തിച്ചേർന്നതായും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

2022 മാർച്ച് 27 മുതൽ മുംബൈ, കണ്ണൂർ എന്നീ നഗരങ്ങളിൽ നിന്ന് ഗോ ഫസ്റ്റ് എയർവേസ്‌ മസ്കറ്റ് ഇന്റർനാഷണൽ എയർപോർട്ടിലേക്ക് സർവീസുകൾ നടത്തുന്നുണ്ട്. മുംബൈ, കണ്ണൂർ എന്നീ നഗരങ്ങളിൽ നിന്ന് ആഴ്ച്ച തോറും മൂന്ന് സർവീസുകൾ വീതമാണ് ഗോ ഫസ്റ്റ് എയർവേസ്‌ മസ്കറ്റ് ഇന്റർനാഷണൽ എയർപോർട്ടിലേക്ക് നടത്തുന്നത്. കൊച്ചിയിൽ നിന്ന് മസ്കറ്റിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുമെന്ന് ഗോ ഫസ്റ്റ് എയർവേസ്‌ മെയ് മാസത്തിൽ അറിയിച്ചിരുന്നു.