സ്റ്റോക്ക്‌ഹോം+50 പരിസ്ഥിതി സമ്മേളനം സമാപിച്ചു; അടിയന്തരമായ പാരിസ്ഥിതിക, സാമ്പത്തിക പരിവർത്തനത്തിന് ആഹ്വാനം

GCC News

അടിയന്തരമായ പാരിസ്ഥിതിക, സാമ്പത്തിക പരിവർത്തനത്തിനുള്ള ആഹ്വാനത്തോടെ സ്റ്റോക്ക്‌ഹോം+50 പരിസ്ഥിതി സമ്മേളനം ജൂൺ 3, വെള്ളിയാഴ്ച സമാപിച്ചു. ആഗോള പാരിസ്ഥിതിക ആശങ്കകൾ അടിയന്തിരമായി അഭിസംബോധന ചെയ്യുന്നതിനും, എല്ലാവർക്കും വേണ്ടി പ്രവർത്തിക്കുന്ന സുസ്ഥിര സമ്പദ്‌വ്യവസ്ഥകളിലേക്കുള്ള ന്യായമായ പരിവർത്തനത്തിനും ആവശ്യമായ പ്രതിബദ്ധതകൾക്കായുള്ള ആഗോളതലത്തിലുള്ള ആഹ്വാനമാണ് സ്റ്റോക്ക്‌ഹോം+50 മുന്നോട്ട് വെച്ചത്.

“മനുഷ്യ പരിസ്ഥിതി സംബന്ധിച്ച യുഎൻ കോൺഫറൻസ് കഴിഞ്ഞ് 50 വർഷങ്ങൾക്ക് ശേഷം എന്തെങ്കിലും മാറ്റം സൃഷ്ടിക്കണം എന്ന ലക്ഷ്യത്തേടെയാണ് നമ്മൾ സ്റ്റോക്ക്ഹോമിൽ എത്തിച്ചേർന്നത്. നമ്മൾ മാറിയില്ലെങ്കിൽ, നമ്മുടെ ഭൂമി ഇന്ന് അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്ന ഏറ്റവും വലിയ മൂന്ന് വെല്ലുവിളികളായ മലിനീകരണം, മാലിന്യങ്ങൾ എന്നിവയുടെ വര്‍ദ്ധനവ്, കാലാവസ്ഥാ വ്യതിയാനം, പ്രകൃതി-ജൈവവൈവിധ്യ നഷ്ടം എന്നിവ അതിവേഗം നമ്മെ കീഴടക്കുന്നതാണ്.”, സ്റ്റോക്ക്ഹോം+50 സെക്രട്ടറി ജനറലും യുഎൻ എൻവയോൺമെന്റ് പ്രോഗ്രാമിന്റെ (UNEP) എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഇൻഗെർ ആൻഡേഴ്സൺ പറഞ്ഞു.

നമ്മുടെ ലോകത്തെ രൂപപ്പെടുത്തുന്നതിനായി ഈ ഊർജ്ജം, പ്രവർത്തനത്തിനുള്ള ഈ പ്രതിബദ്ധത എന്നിവ മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു.

ഇന്ന് നമ്മൾ നടപ്പിലാക്കുന്ന നയങ്ങൾ നാളെ നാം ജീവിക്കുന്ന ലോകത്തെ രൂപപ്പെടുത്തുമെന്ന് ജനറൽ അസംബ്ലി പ്രസിഡന്റ് അബ്ദുല്ല ഷഹീദ് ഓർമ്മിപ്പിച്ചു. തൊഴിൽ ശക്തികളിൽ സ്ത്രീകളുടെ പങ്കാളിത്തം തടസ്സപ്പെടുത്തുന്ന ഘടനാപരമായ തടസ്സങ്ങൾ ലക്ഷ്യം വയ്ക്കുന്നതിനുള്ള തന്ത്രങ്ങൾ പുനർവിചിന്തനം ചെയ്യുന്നതിൽ സർക്കാരുകൾക്കും സ്വകാര്യ മേഖലയ്ക്കും ഒരു പ്രധാന പങ്കുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഭാവിയിലെ തൊഴിലിടങ്ങൾ തുല്യതയിൽ വേരൂന്നിയതും, സ്ത്രീകളുടെ കഴിവുകൾ, തൊഴിൽ നൈതികത, നേതൃത്വപരമായ കഴിവുകൾ അല്ലെങ്കിൽ ബുദ്ധി എന്നിവയെക്കുറിച്ചുള്ള വിവേചനവും ഹാനികരവുമായ മുൻവിധികൾ ഇല്ലാത്തതുമായിരിക്കണമെന്നും അദ്ദേഹം അറിയിച്ചു. നിയമപരമായ പരിരക്ഷകൾ, ശക്തമായ നിർവ്വഹണ സംവിധാനങ്ങൾ, ആഴത്തിലുള്ള ഘടനാപരവും സാംസ്കാരികവുമായ മാറ്റം എന്നിവയിലൂന്നിയുള്ള ലിംഗസമത്വ സമ്പ്രദായങ്ങൾ ഉൾക്കൊള്ളുന്നതാണ് വിജയമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ സമ്മേളനത്തിന് സഹ-ആതിഥേയത്വം വഹിച്ച സ്വീഡന്റെയും കെനിയയുടെയും പ്രസ്താവനയോടെയാണ് രണ്ട് ദിവസം നീണ്ട് നിന്ന സ്റ്റോക്ക്‌ഹോം+50 എന്ന അന്താരാഷ്ട്ര പരിസ്ഥിതി സമ്മേളനം അവസാനിച്ചത്. ശുദ്ധവും ആരോഗ്യകരവും സുസ്ഥിരവുമായ അന്തരീക്ഷത്തിനുള്ള അവകാശം അംഗീകരിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നതിനും, നമ്മുടെ നിലവിലെ സാമ്പത്തിക വ്യവസ്ഥയുടെ പ്രവർത്തനരീതിയിൽ വ്യവസ്ഥാപിത മാറ്റങ്ങൾ സ്വീകരിക്കുന്നതിനും, ഉയർന്ന സ്വാധീന മേഖലകളുടെ പരിവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനും ഈ പ്രസ്താവനയിൽ ശുപാർശ ചെയ്തു.

“ഞങ്ങൾ ഈ സമ്മേളനത്തിന്റെ സാധ്യതകൾ – കൂട്ടായി – അണിനിരത്തുകയും ഉപയോഗിക്കുകയും ചെയ്തുവെന്ന് വിശ്വസിക്കുന്നു. കൂടുതൽ മുന്നോട്ട് കൊണ്ടുപോകാൻ ഞങ്ങൾക്ക് ഇപ്പോൾ ത്വരിതപ്പെടുത്തലിന്റെ ഒരു രൂപരേഖ ഉണ്ട്.”, സ്വീഡനിലെ കാലാവസ്ഥാ പരിസ്ഥിതി മന്ത്രി അന്നിക സ്ട്രാൻദാൽ പറഞ്ഞു. “സ്‌റ്റോക്ക്‌ഹോം+50 ആരെയും ഒഴിവാക്കാതെയും, തഴയാതെയും, എല്ലാവർക്കുമായി, ആരോഗ്യകരമായ ഒരു ഗ്രഹത്തിലേക്കുള്ള ഞങ്ങളുടെ പാതയിലെ ഒരു നാഴികക്കല്ലാണ്”, അവർ കൂട്ടിച്ചേർത്തു.

2030-ലെ അജണ്ടയും സുസ്ഥിര വികസന ലക്ഷ്യങ്ങളും നടപ്പാക്കുന്നത് ത്വരിതപ്പെടുത്തുന്നതിനായി വ്യക്തമായ പാരിസ്ഥിതിക പ്രവർത്തനങ്ങൾക്ക് നേതാക്കൾ ആഹ്വാനം ചെയ്ത നാല് പ്ലീനറി സെഷനുകൾ സ്റ്റോക്ക്ഹോം+50 അവതരിപ്പിച്ചു. മൂന്ന് ലീഡർഷിപ്പ് ഡയലോഗുകൾ, നൂറുകണക്കിന് സൈഡ് ഇവന്റുകൾ, അനുബന്ധ ഇവന്റുകൾ, വെബിനാറുകൾ, മീറ്റിംഗിന് മുന്നോടിയായി പ്രാദേശിക മൾട്ടി-സ്റ്റേക്ക്‌ഹോൾഡർ കൺസൾട്ടേഷനുകളുടെ ഒരു പരമ്പര എന്നിവ ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ആളുകളെ ചർച്ചകളിൽ ഏർപ്പെടാനും അവരുടെ കാഴ്ചപ്പാടുകൾ മുന്നോട്ട് വയ്ക്കാനും പ്രാപ്തമാക്കി.

“ഈ രണ്ട് ദിവസങ്ങളിൽ നിന്ന് ഉയർന്നുവന്ന വൈവിധ്യമാർന്ന ശബ്ദങ്ങളും, ധീരമായ സന്ദേശങ്ങളും ഈ മീറ്റിംഗിന്റെ സാധ്യതകൾക്കൊപ്പം ജീവിക്കാനും, നമ്മുടെ കുട്ടികൾക്കും, കൊച്ചുമക്കൾക്കുമായി നമ്മുടെ ഒരേയൊരു ഗ്രഹത്തിൽ ഭാവി കെട്ടിപ്പടുക്കാനുമുള്ള യഥാർത്ഥ ആഗ്രഹം പ്രകടമാക്കുന്നു,” കെനിയയുടെ പരിസ്ഥിതി കാബിനറ്റ് സെക്രട്ടറി കേരിയാക്കോ തോബികോ പറഞ്ഞു. “നമ്മൾ ഇവിടെ ഒത്തുകൂടിയിരിക്കുന്നത് കേവലം ഒരു അനുസ്മരണത്തിനായല്ല, മറിച്ച് 1972 മുതൽ സ്വീകരിച്ച നടപടികളെ അടിസ്ഥാനമാക്കി മുന്നോട്ട് പോകാനും, മികച്ച ഒരു ലോകം നിർമ്മിക്കുന്നതിനുമാണ്.”, അദ്ദേഹം കൂട്ടിച്ചേർത്തു.

WAM