മറ്റു എമിറേറ്റുകളിൽ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കുന്നത് സംബന്ധിച്ച സംശയങ്ങൾക്കുള്ള മറുപടികൾ അബുദാബി മീഡിയ ഓഫീസ് പങ്ക് വെച്ചു. എമിറേറ്റിലേക്ക് പ്രവേശിക്കുന്നതിനായി ഏർപ്പെടുത്തിയിട്ടുള്ള COVID-19 വൈറസ് പരിശോധനാ നടപടികളിൽ സെപ്റ്റംബർ 5 മുതൽ മാറ്റങ്ങൾ വരുത്തിയിട്ടുള്ളതിനാലാണ് ഇത് സംബന്ധിച്ചുള്ള സംശയങ്ങൾക്ക് വ്യക്തത നൽകുന്നതിനായി അധികൃതർ കൂടുതൽ വിവരങ്ങൾ പങ്ക് വെച്ചിട്ടുള്ളത്.
പുതിയ നടപടിക്രമങ്ങൾ അനുസരിച്ച് അബുദാബിയിലേക്ക് പ്രവേശിക്കാൻ എന്തെല്ലാം ടെസ്റ്റുകളാണ് ആവശ്യമായിട്ടുള്ളത്?
സെപ്റ്റംബർ 5 മുതൽ 48 മണിക്കൂറിനിടയിൽ ലഭിച്ച COVID-19 നെഗറ്റീവ് PCR റിസൾട്ട്, അല്ലെങ്കിൽ 48 മണിക്കൂറിനിടയിൽ ലഭിച്ച ലേസർ DPI നെഗറ്റീവ് റിസൾട്ട് എന്നിവയിൽ ഏതെങ്കിലും ഒന്ന് ഉപയോഗിച്ച് കൊണ്ട് എമിറേറ്റിലേക്ക് പ്രവേശിക്കാവുന്നതാണ്. പുതിയ തീരുമാനപ്രകാരം ലേസർ DPI പരിശോധനാ ഫലം ഉപയോഗിക്കുന്നവർക്ക് ആവശ്യമായിരുന്ന മുൻകൂർ PCR പരിശോധന ഒഴിവാക്കിയിട്ടുണ്ട്.
അബുദാബിയിലേക്ക് പ്രവേശിക്കുന്നവർ എമിറേറ്റിലെത്തി 6 ദിവസങ്ങൾക്ക് ശേഷം വീണ്ടും ടെസ്റ്റ് ചെയ്യണമെന്നത് നിർബന്ധമാണോ?
അബുദാബിയ്ക്ക് പുറത്ത് നിന്ന് എമിറേറ്റിലേക്ക് പ്രവേശിക്കുന്ന അബുദാബി നിവാസികൾ, സന്ദർശകർ എന്നിവർ, തുടർച്ചയായി ആറോ അതിൽ കൂടുതലോ ദിനങ്ങൾ എമിറേറ്റിൽ തുടരുകയാണെങ്കിൽ, ആറാമത്തെ ദിനം നിർബന്ധമായും ഒരു PCR ടെസ്റ്റ് നടത്തേണ്ടതാണ്. അബുദാബിയിൽ തുടരുന്ന കാലയളവിൽ ഇത് ഒരു തവണ മാത്രമേ ആവശ്യമുള്ളു.
അബുദാബിയിൽ തുടരുന്ന കാലയളവിൽ എന്ത് കൊണ്ടാണ് ആറാം ദിനത്തിൽ COVID-19 PCR ടെസ്റ്റ് നിർബന്ധമാക്കിയിട്ടുള്ളത്?
രോഗബാധിതരിൽ രോഗസുഷുപ്താവസ്ഥയുടെ മധ്യ ദിനങ്ങളിലാണ് വൈറസ് സാന്നിദ്ധ്യം ഏറ്റവും എളുപ്പത്തിൽ കണ്ടെത്താനാകുന്നത് എന്നാണ് ശാസ്ത്രീയ പഠനങ്ങൾ തെളിയിക്കുന്നത്. രോഗബാധയുടെ തുടക്കത്തിൽ തന്നെ അവ കണ്ടെത്തി സമൂഹത്തിലേക്ക് വൈറസ് വ്യാപിക്കുന്നത് തടയാൻ ഈ പരിശോധന വളരെ ഫലപ്രദമായതിനാലാണ് ഇത്തരത്തിൽ ഒരു ടെസ്റ്റ് നിർബന്ധമാക്കിയിട്ടുള്ളത്.
സെപ്റ്റംബർ 5, ശനിയാഴ്ച്ച മുതൽ എമിറേറ്റിലേക്ക് പ്രവേശിക്കുന്നതിനായി PCR അല്ലെങ്കിൽ ലേസർ DPI ടെസ്റ്റ് റിസൾട്ട് ഉപയോഗിക്കാമെന്ന് അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് കമ്മിറ്റി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.