ഇന്ത്യയും ബഹ്റൈനും തമ്മിൽ ധാരണയായിട്ടുള്ള എയർ ബബിൾ കരാറിന്റെ അടിസ്ഥാനത്തിൽ സെപ്റ്റംബർ 14, തിങ്കളാഴ്ച്ച മുതൽ ബഹ്റൈനിൽ നിന്ന് ഇന്ത്യയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നതായി ഗൾഫ് എയർ അറിയിച്ചു. സെപ്റ്റംബർ 14-നു തിരുവനന്തപുരത്തേക്കും, തുടർന്ന് ഈ ആഴ്ച്ച തന്നെ കൊച്ചിയിലേക്കും, കോഴിക്കോട്ടേക്കുമാണ് ആദ്യ സർവീസുകൾ പ്രഖ്യാപിച്ചിട്ടുള്ളത്.
വരും ദിനങ്ങളിൽ കൂടുതൽ ഇന്ത്യൻ നഗരങ്ങളിലേക്ക് സർവീസുകൾ ഏർപ്പെടുത്തുമെന്നും ഗൾഫ് എയർ അറിയിച്ചിട്ടുണ്ട്.
https://www.gulfair.com/covid19 എന്ന വിലാസത്തിൽ യാത്രാ സംബന്ധമായ അറിയിപ്പുകളും, ആരോഗ്യ സുരക്ഷാ നിബന്ധനകളും ലഭ്യമാണ്. ടിക്കറ്റുകൾക്കായി ഗൾഫ് എയർ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
ഇരു രാജ്യങ്ങളിൽ നിന്നുമുള്ള വ്യോമയാന സേവനങ്ങൾ താത്കാലികമായി പുനരാരംഭിക്കുന്നതിനായി, ഇന്ത്യയും ബഹ്റൈനും തമ്മിൽ പ്രത്യേക ‘എയർ ബബിൾ’ കരാറിൽ ഏർപ്പെട്ടതായി ബഹ്റൈനിലെ ഇന്ത്യൻ എംബസി സെപ്റ്റംബർ 11-നു അറിയിച്ചിരുന്നു. ഈ പ്രത്യേക ധാരണപ്രകാരം, ഇരു രാജ്യങ്ങളിലെയും വിമാന കമ്പനികൾ ഇന്ത്യയിൽ നിന്ന് ബഹ്റൈനിലേക്കും, തിരികെയും പ്രത്യേക സർവീസുകൾ നടത്തുന്നതാണ്. ഗൾഫ് എയറിനു പുറമെ എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്സ് എന്നീ വ്യോമയാന കമ്പനികളും ഈ കരാറിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിലേക്ക് ബഹ്റൈനിൽ നിന്ന് സർവീസുകൾ നടത്തുന്നതാണ്.
Cover Image Source: John Taggart