സൗദി: ഹജ്ജ് തീർത്ഥാടകർ 7 ദിവസത്തെ ക്വാറന്റീൻ നടപടികൾ ആരംഭിച്ചു

GCC News

ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കാൻ തിരഞ്ഞെടുക്കപ്പെട്ട തീർത്ഥാടകർ ജൂലൈ 19 മുതൽ, 7 ദിവസത്തെ ക്വാറന്റീൻ നടപടികൾ ആരംഭിച്ചതായി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. 2020-ലെ ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട ആരോഗ്യ സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായാണ് തീർത്ഥാടനത്തിന് മുൻപുള്ള ഈ ക്വാറന്റീൻ നടപടി.

ഈ വർഷത്തെ ഹജ്ജിനായി, നിലവിൽ സൗദിയിലുള്ള 160 രാജ്യങ്ങളിലെ പ്രവാസികളിൽ നിന്നാണ് തീർത്ഥാടകരെ തിരഞ്ഞെടുത്തിട്ടുള്ളത്. COVID-19 രോഗവ്യാപനം തടയുന്നതിനും, തീർത്ഥാടകരുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും സൗദി അറേബ്യ തയ്യാറാക്കിയ ആരോഗ്യ സുരക്ഷാ പെരുമാറ്റച്ചട്ടത്തിലെ മാനദണ്ഡങ്ങൾ പ്രകാരം തീർത്ഥാടകർ ഹജ്ജ് തീർത്ഥാടനം ആരംഭിക്കുന്നതിനു മുന്നോടിയായി 7 ദിവസം ക്വാറന്റീനിൽ തുടരേണ്ടതുണ്ട്. ഹജ്ജ് തീർത്ഥാടനത്തിന് ശേഷവും ഇവർക്ക് ക്വാറന്റീൻ കാലാവധി നിശ്ചയിച്ചിട്ടുണ്ട്.