ഈ വർഷത്തെ ഹജ്ജ് നിയന്ത്രണങ്ങളോടെ നടത്താൻ തീരുമാനം; വിദേശ തീർത്ഥാടകരെ പങ്കെടുപ്പിക്കില്ല

GCC News

കൊറോണ വൈറസ് സാഹചര്യത്തിൽ, ഈ വർഷത്തെ ഹജ്ജ് നിയന്ത്രണങ്ങളോടെ നടത്താൻ തീരുമാനിച്ചതായി സൗദി ഹജ്ജ് മന്ത്രാലയം അറിയിച്ചു. പരിമിതമായ അളവിൽ, ആഭ്യന്തര തീര്‍ഥാടകരെ മാത്രം പങ്കെടുപ്പിച്ച് കൊണ്ട് ഇത്തവണത്തെ ഹജ്ജ് കര്‍മം നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. വിദേശ തീർത്ഥാടകർക്ക് ഹജ്ജിനായി സൗദിയിലേക്ക് യാത്രാനുമതി നൽകില്ല.

https://twitter.com/KSAmofaEN/status/1275132024735633410

സൗദി പൗരന്മാർക്കും, സൗദി അറേബ്യയില്‍ നിലവിൽ താമസിക്കുന്ന വിവിധ രാജ്യക്കാരായ ഏതാനും പേര്‍ക്കുമായിരിക്കും അനുവാദം നൽകുക. അനിയന്ത്രിതമായ തിരക്കുകൾ ഒഴിവാക്കുന്നതിനുള്ള നടപടികൾ അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നതാണ്.

തീര്‍ഥാടകരുടെ സംരക്ഷണം ഉറപ്പാക്കുന്നതിനായി, കർശനമായ COVID-19 ആരോഗ്യ സുരക്ഷാ മുന്‍കരുതലുകള്‍ പാലിച്ചായിരിക്കും ചടങ്ങുകള്‍ നടത്തുകയെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇതിനായി പ്രത്യേക ആരോഗ്യ പരിശോധനകൾ ഉണ്ടായിരിക്കുന്നതാണ്. പ്രായമായ തീർത്ഥാടകർക്ക് അനുവാദം നൽകില്ലെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

“പൊതുസമൂഹത്തിന്റെ ആരോഗ്യ സുരക്ഷ മുൻനിർത്തി, ഇത്തവണത്തെ ഹജ്ജ് കര്‍മം തീർത്തും സുരക്ഷിതമാക്കാൻ ആവശ്യമായ തീരുമാനകളാണ് കൈകൊണ്ടിട്ടുള്ളത്. സമൂഹ അകലം ഉൾപ്പടെ, എല്ലാ സുരക്ഷാ നടപടികളും പാലിച്ച് കൊണ്ട്, രോഗബാധ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ തീർത്തും ഒഴിവാക്കിയാണ് ഇത്തവണ ഹജ്ജ് നടപ്പിലാക്കുക.”, എന്നും മന്ത്രാലയത്തിന്റെ അറിയിപ്പിൽ പറയുന്നു.

അതേസമയം സൗദിയുടെ ഈ തീരുമാനത്തെ യു എ ഇ പ്രശംസിച്ചു. “മഹാമാരിയുടെ വ്യാപനം തടയുന്നതിന് ആവശ്യമായ എല്ലാ പ്രതിരോധ നടപടികളും ഉറപ്പാക്കിക്കൊണ്ട്, തീർത്ഥാടകരുടെ സുരക്ഷ മുൻനിർത്തിയുള്ള തീരുമാനം” എന്നാണ് യു എ ഇ ഹജ്ജ് അഫയേഴ്‌സ് ഓഫീസ് ഈ തീരുമാനത്തിനെ വിശേഷിപ്പിച്ചത്.