യാത്രികർക്ക് സ്വയം ചെക്ക്-ഇൻ ചെയ്യുന്നതിനും, ബാഗേജുകൾ നൽകുന്നതിനുമായി സ്പർശനം ആവശ്യമില്ലാത്ത സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന സംവിധാനം ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ (HIA) പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനമാരംഭിച്ചു. നിലവിലെ കൊറോണ വൈറസ് സാഹചര്യത്തിൽ യാത്രികരുടെയും, ജീവനക്കാരുടെയും സംരക്ഷണം ഉറപ്പാക്കുന്നത് ലക്ഷ്യമിട്ടാണ് ഈ പുതിയ സാങ്കേതികവിദ്യ വിമാനത്താവളത്തിൽ നടപ്പിലാക്കുന്നത്.
സ്വയം ചെക്ക്-ഇൻ ചെയ്യുന്നതിനും, ബാഗേജുകൾ നൽകുന്നതിനുമായി ഹാപ്പി ഹോവർ (happyhover), SITA മൊബൈൽ സൊല്യൂഷൻ എന്നിങ്ങനെ രണ്ട് സാങ്കേതിക വിദ്യകളാണ് നിലവിൽ HIA പരീക്ഷിക്കുന്നത്. ‘happyhover’ സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന കിയോസ്കുകളുടെ സ്ക്രീനിൽ സ്പർശിക്കാതെ തന്നെ യാത്രികർക്ക് കൈവിരലുകളാലുള്ള ആംഗ്യങ്ങൾ കൊണ്ട് ചെക്ക്-ഇൻ സംവിധാനം ഉപയോഗിക്കാവുന്നതാണ്.
SITA മൊബൈൽ സൊല്യൂഷൻ യാത്രികർക്ക് ചെക്ക്-ഇൻ കിയോസ്ക് സ്ക്രീൻ തങ്ങളുടെ മൊബൈൽ ഉപയോഗിച്ച് കൊണ്ട് നിയന്ത്രിക്കുന്നതിനുള്ള അവസരം നൽകുന്നു. COVID-19 വ്യാപനം തടയുന്നതിനായി ഇത്തരം കിയോസ്കുകളിൽ ഉപയോക്താവ് നേരിട്ട് സ്പർശിക്കുന്നത് പൂർണ്ണമായും ഒഴിവാക്കുന്നതിനാണ് ഈ സാങ്കേതികവിദ്യകൾ ലക്ഷ്യമിടുന്നത്. ഇൻഫ്രാറെഡ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ‘happyhover’, സ്ക്രീനുകളിലെ സ്പർശനം ഒഴിവാക്കുന്നതിലൂടെ വിരലുകളിൽ നിന്ന് സ്ക്രീനിലേക്കും, തിരികെയും വൈറസ് ബാധിക്കുന്നതിനുള്ള സാധ്യത തടയുന്നു.
Cover Image: @happymeter_ai Twitter