ഹാൻകുക്ക് 24H-ന് ജനുവരി 15-ന് ദുബായ് ആതിഥ്യം വഹിക്കും

UAE

ആവേശകരമായ 24 മണിക്കൂർ എൻഡ്യൂറൻസ് റേസായ ഹാൻകുക്ക് 24H ദുബായിയുടെ പതിനാറാമത് എഡിഷൻ ഈ വാരാന്ത്യത്തിൽ ദുബായ് ഓട്ടോഡ്രോം സർക്യൂട്ടിൽ നടക്കും. ദുബായ് സ്‌പോർട്‌സ് കൗൺസിൽ ചെയർമാൻ ഹിസ് ഹൈനസ് ഷെയ്ഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ രക്ഷാകർതൃത്വത്തിലാണ് ഈ മത്സരം അരങ്ങേറുക.

ലോകത്തിലെ ഏറ്റവും ആവേശകരമായ 24 മണിക്കൂർ എൻഡ്യൂറൻസ് റേസായ ‘Hankook 24H DUBAI’-യിൽ 33 രാജ്യങ്ങളിൽ നിന്നുള്ള ഡ്രൈവർമാർ പങ്കെടുക്കും. ഈ കാറോട്ടമത്സരത്തിൽ പന്ത്രണ്ട് വിവിധ ബ്രാൻഡുകളെ പ്രതിനിധീകരിച്ച് 54 കാറുകളിലായി 250ലധികം ഡ്രൈവർമാർ റേസിനിറങ്ങും.

2006-ലാണ് ‘Hankook 24H DUBAI’ ആരംഭിച്ചത്. ആഗോള തലത്തിൽ നടന്നുവരുന്ന ’24H’ റേസിംഗ് ശ്രേണിയിൽ പെടുന്ന ‘Hankook 24H DUBAI’, ഈ വർഷത്തെ ’24H’ റേസിംഗ് സീസണിലെ ആദ്യ റേസാണ്. ജനുവരി 15, വെള്ളിയാഴ്ച്ച വൈകീട്ട് 3 മണിക്കാണ് ഈ മത്സരം ആരംഭിക്കുക. മത്സരം 24 മണിക്കൂർ നീണ്ട് നിൽക്കും.

ഏറ്റവും വീറുള്ള മത്സരം നടക്കുന്ന GT3 വിഭാഗത്തിലെ അഞ്ച് മുൻ വിജയികളടക്കം വൻ താര ഡ്രൈവർമാരാണ് ഈ വർഷത്തെ ‘Hankook 24H DUBAI’ റേസിൽ പങ്കെടുക്കുന്നത്. ജെറോൺ ബ്ലീക്കെമോലൻ, ഹുബർട്ട് ഹാപ്റ്റ് എന്നിവർക്കൊപ്പം 2020-ൽ മൂന്നാം തവണയും ഈ മത്സരം വിജയിച്ച എമിറാത്തി ഡ്രൈവർ ഖാലിദ് അൽ ഖുബൈസിയുടെ സാന്നിദ്ധ്യം ഏറെ ശ്രദ്ധേയമാണ്.

WAM