പ്രത്യേക പെർമിറ്റ് കൂടാതെ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കാൻ ശ്രമിക്കുന്നവർക്കും, മക്കയിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നവർക്കും 10000 റിയാൽ പിഴ ചുമത്തുമെന്ന് സൗദി അധികൃതർ അറിയിച്ചു. സൗദി ആഭ്യന്തര മന്ത്രാലയമാണ് ഇത്തരം ഒരു മുന്നറിയിപ്പ് ആവർത്തിച്ചത്.
ഈ നിയമലംഘനം ആവർത്തിക്കുന്നവർക്ക് ഒരു ലക്ഷം റിയൽ പിഴ ചുമത്തുമെന്നും അധികൃതർ കൂട്ടിച്ചേർത്തു. 2024 ജൂൺ 2 മുതൽ ജൂൺ 20 വരെയുള്ള കാലയളവിൽ ഹജ്ജ് പെർമിറ്റ് കൂടാതെ മക്കയിലേക്ക് പ്രവേശിക്കുന്നവർക്കെല്ലാം ഈ പിഴ ഉൾപ്പടെയുള്ള നിയമനടപടികൾ നേരിടേണ്ടി വരുന്നതാണ്.
മക്ക നഗരം, സെൻട്രൽ ഹറം മേഖല, മിന, അറഫാത്, മുസ്ദലിഫ, റുസൈഫയിലെ ഹറമൈൻ റെയിൽവേ സ്റ്റേഷൻ, സെക്യൂരിറ്റി കണ്ട്രോൾ സെന്ററുകൾ, തീർത്ഥാടകർ ഒത്ത് ചേരുന്ന ഇടങ്ങൾ, താത്കാലിക സെക്യൂരിറ്റി കണ്ട്രോൾ കേന്ദ്രങ്ങൾ തുടങ്ങിയ ഇടങ്ങളിലേക്കുള്ള പ്രവേശനം പൂർണ്ണമായും ഹജ്ജ് പെർമിറ്റുള്ളവർക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട വീഴ്ചകൾക്ക് പിടിക്കപ്പെടുന്ന മുഴുവൻ പേർക്കും – സൗദി പൗരന്മാർ, പ്രവാസികൾ, സന്ദർശകർ ഉൾപ്പടെ – ഈ പിഴ ശിക്ഷ ബാധകമായിരിക്കും.
നിയമലംഘനങ്ങൾ ആവർത്തിക്കുന്നവർക്ക് ഇരട്ടി പിഴ (പരമാവധി ഒരു ലക്ഷം റിയാൽ വരെ) ചുമത്തുന്നതാണ്. ഇത്തരം വീഴ്ചകൾ വരുത്തുന്ന പ്രവാസികളെ നാട് കടത്തുമെന്നും, ഇവർക്ക് സൗദി അറേബ്യയിലേക്ക് തിരികെ പ്രവേശിക്കുന്നതിന് നിയമം അനുശാസിക്കുന്ന കാലയളവിലേക്ക് വിലക്കേർപ്പെടുത്തുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.