ട്രാഫിക് ലംഘനങ്ങളും, മറ്റു കുറ്റകൃത്യങ്ങളും കണ്ടെത്തുന്നതിനായി ഉന്നത സാങ്കേതികവിദ്യയുടെ സഹായത്തോടെ നടപ്പിലാക്കുന്ന പ്രത്യേക നിരീക്ഷണത്തിന് റിയാദ് മേഖലയിൽ തുടക്കമായി. സൗദി ആഭ്യന്തര മന്ത്രാലയത്തിലെ സ്രോതസുകളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഈ സംവിധാനത്തിന് കീഴിൽ പട്രോളിംഗ് സംഘങ്ങൾക്ക് അത്യന്തം സൂക്ഷ്മതയാർന്ന രീതിയിൽ പ്രവർത്തിക്കുന്ന പ്രത്യേക ഉപകരണങ്ങൾ നൽകിയിട്ടുണ്ട്. ഇവ ഉപയോഗിച്ച് കൊണ്ട് ഒരേസമയം ട്രാഫിക് നിയമലംഘനങ്ങളും, മറ്റു കുറ്റകൃത്യങ്ങളും നിരീക്ഷിക്കാവുന്നതാണ്.
റഡാർ, 360-ഡിഗ്രി കാമറ എന്നിവയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഈ ഉപകരണങ്ങൾ അമിതവേഗത, സീറ്റ്-ബെൽറ്റുകൾ ഉപയോഗിക്കുന്നതിലെ വീഴ്ചകൾ, വാഹനം ഓടിക്കുന്നതിനിടയിലുള്ള മൊബൈൽ ഫോൺ ഉപയോഗം തുടങ്ങിയ ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തുന്നതിന് അധികൃതരെ സഹായിക്കുന്നു.
മറ്റുകുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് പോലീസ് തേടിക്കൊണ്ടിരിക്കുന്ന വാഹനങ്ങൾ, പോലീസ് അന്വേഷിച്ച് കൊണ്ടിരിക്കുന്ന വ്യക്തികൾ മുതലായവ കണ്ടെത്തുന്നതിനും ഈ സംവിധാനത്തിലൂടെ സാധിക്കുന്നതാണ്.
റിയാദ് മേഖലയിൽ നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ഇത്തരത്തിലുള്ള സാങ്കേതികവിദ്യകളടങ്ങിയ രണ്ട് സെക്യൂരിറ്റി പട്രോളിംഗ് സംഘങ്ങളാണ് പ്രവർത്തിക്കുന്നത്.