ഖത്തർ: ഔട്‌പേഷ്യന്റ്‌ വിഭാഗങ്ങളുടെ പ്രവർത്തനം മാർച്ച് 6 മുതൽ സാധാരണ രീതിയിലേക്ക് മടങ്ങുമെന്ന് HMC

GCC News

2022 മാർച്ച് 6, ഞായറാഴ്ച്ച മുതൽ ഔട്‌പേഷ്യന്റ്‌ വിഭാഗങ്ങളിൽ രോഗികൾക്ക് നേരിട്ടെത്തി ചികിത്സ തേടുന്നതിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ഒഴിവാക്കുമെന്നും, ഇത്തരം വിഭാഗങ്ങളിൽ പൂർണ്ണ ശേഷിയിലുള്ള സേവനങ്ങൾ നൽകുന്നത് പുനരാരംഭിക്കുമെന്നും ഖത്തറിലെ ഹമദ് മെഡിക്കൽ കോർപറേഷൻ (HMC) അറിയിച്ചു. 2022 മാർച്ച് 2-ന് രാത്രിയാണ് HMC ഇക്കാര്യം അറിയിച്ചത്.

COVID-19 പശ്ചാത്തലത്തിൽ ഔട്‌പേഷ്യന്റ്‌ വിഭാഗങ്ങളുടെ പ്രവർത്തനശേഷിയിൽ HMC നേരത്തെ കുറവ് വരുത്തിയിരുന്നു. ഇപ്പോൾ മാർച്ച് 6 മുതൽ ഈ നിയന്ത്രണങ്ങൾ ഒഴിവാക്കുമെന്നാണ് HMC അറിയിച്ചിരിക്കുന്നത്.

രാജ്യത്തെ COVID-19 രോഗവ്യാപനം കുറയുന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു തീരുമാനം. COVID-19 ആരോഗ്യ പരിചരണ സേവനങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്ന ഹസ്‌എം മെബൈരീക് ജനറൽ ഹോസ്പിറ്റൽ, ക്യൂബൻ ഹോസ്പിറ്റൽ എന്നീ സ്ഥാപനങ്ങളിൽ നിന്ന് സാധാരണ രീതിയിലുള്ള ചികിത്സകൾ നൽകി തുടങ്ങിയതായും HMC അറിയിച്ചിട്ടുണ്ട്.

ഈ ആശുപത്രികളിൽ നിന്ന് എല്ലാ ആരോഗ്യപരിചരണ സേവനങ്ങളും, മുഴുവൻ രോഗങ്ങൾക്കുള്ള ചികിത്സകളും നൽകുന്നത് പുനരാരംഭിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

Cover Image: HMC Qatar.