ഒരു അറബ് രാജ്യം ആദ്യമായി ആസൂത്രണം ചെയ്യുകയും, നേതൃത്വം നൽകുകയും ചെയ്ത ഗോളാന്തര പര്യവേഷണ ദൗത്യമായ ‘എമിറേറ്റ്സ് മാർസ് മിഷൻ ഹോപ്പ് പ്രോബ്’ വിജയകരമായി ചൊവ്വാഗ്രഹത്തിന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിച്ചു. 2021 ഫെബ്രുവരി 9, ചൊവ്വാഴ്ച്ച വൈകീട്ട് യു എ ഇ പ്രാദേശിക സമയം 7:42നാണ് (7.57 pm GST) ഹോപ്പ് പ്രോബ് ചൊവ്വയിലേക്കുള്ള 7 മാസത്തെ യാത്ര പൂർത്തിയാക്കിയത്.
ചൊവ്വാഗൃഹം ലക്ഷ്യമിട്ട് 2020 ജൂലൈ 20-നു ആരംഭിച്ച പ്രയാണം ലക്ഷ്യം നേടിയതോടെ യു എ ഇയുടെ സുവർണ്ണ ജൂബിലി ആഘോഷവേളയ്ക്ക് പ്രത്യേക തിളക്കം കൈവരിക്കാനായി. ഇതോടെ ചൊവ്വാഗ്രഹത്തിന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിക്കുന്ന ആദ്യത്തെ അറബ് രാജ്യമായും ആഗോളതലത്തിൽ അഞ്ചാമത്തെ രാജ്യമായും യു എ ഇ മാറി.
ഹോപ്പ് പ്രോബ്, ചൊവ്വയിൽ വിജയകരമായി എത്തിയ സന്ദർഭത്തിൽ യു എ ഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ യു എ ഇ പൗരന്മാരെയും മേഖലയിലെ എല്ലാ ജനങ്ങളെയും അഭിനന്ദിച്ചു. “സ്ഥിരോത്സാഹവും ദൃഢനിശ്ചയവും ഇല്ലായിരുന്നെങ്കിൽ ചരിത്രനേട്ടം കൊയ്യാൻ കഴിയുമായിരുന്നില്ല. യു എ ഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ വൈസ് പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം 2013 അവസാനത്തോടെ ഉയർത്തിയ ആശയമായിരുന്നു ഇത്. അദ്ദേഹം ഓരോ ഘട്ടത്തിലും അതിസൂക്ഷ്മമായി പ്രവർത്തനങ്ങളെ വിലയിരുത്തുകയും വിജയം വരെ പിന്തുണയ്ക്കുകയും ചെയ്തു.”, ചരിത്രപരമായ മുന്നേറ്റത്തെ അഭിനന്ദിച്ച ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു
ഹോപ്പ് ബാഹ്യാകാശപേടകത്തെ ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് പ്രവേശിപ്പിക്കുന്ന മാർസ് ഓർബിറ്റ് ഇൻസെർഷൻ (MOI) നടപടികളുടെ ആദ്യ ഘട്ടം, മണിക്കൂറിൽ 121000 കിലോമീറ്റർ വേഗതയിൽ ചൊവ്വാഗ്രഹം ലക്ഷ്യമാക്കി കുതിക്കുന്ന ഹോപ്പ് ബാഹ്യാകാശപേടകത്തിന്റെ വേഗത കുറയ്ക്കുന്നതിനായി, ഹോപ്പിൽ ഘടിപ്പിച്ചിട്ടുള്ള ആറ് ഡെൽറ്റ-V റോക്കറ്റുകൾ ചൊവ്വാഴ്ച്ച വൈകീട്ട് യു എ ഇ പ്രാദേശിക സമയം 7:30-ന് പ്രവർത്തിപ്പിച്ചതോടെ ആരംഭിച്ചു. പേടകത്തിന്റെ വേഗത മണിക്കൂറിൽ 18000 കിലോമീറ്റർ എന്ന നിലയിലേക്ക് താഴ്ത്തുന്നതിനും, ഗതി നിയന്ത്രിക്കുന്നതിനും 27 മിനിറ്റ് നേരം ഈ റോക്കറ്റുകൾ പ്രവർത്തിപ്പിക്കുകയുണ്ടായി. രാത്രി 8:08-ന് അൽ ഖവാനീജിലെ ഗ്രൌണ്ട് കൺട്രോൾ സ്റ്റേഷന് ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിച്ച ശേഷം ഹോപ്പ് പ്രോബിൽ നിന്ന് ആദ്യ സിഗ്നൽ ലഭിച്ചു.
ജപ്പാനിലെ തനെഗഷിമ സ്പേസ് സെന്ററിൽ നിന്ന്, ജൂലൈ 20-നു പുലര്ച്ചെ 1.58-നാണ് (യു.എ.ഇ സമയം) ഹോപ്പ് ബഹിരാകാശ പേടകം വിക്ഷേപണം ചെയ്തത്. 7 മാസം കൊണ്ട് ഏതാണ്ട് 493 മില്യൺ കിലോമീറ്റർ യാത്രചെയ്താണ് ഹോപ്പ് ചൊവ്വയുടെ ഭ്രമണപഥത്തിലെത്തുക. ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിച്ച ഹോപ്പ് ബാഹ്യാകാശപേടകം 687 ദിവസം (ഒരു ചൊവ്വാ വർഷം) ചൊവ്വാഗ്രഹത്തെ വലംവെക്കും. ഈ കാലയളവിൽ ഹോപ്പ് ചൊവ്വയുടെ അന്തരീക്ഷവും, കാലാവസ്ഥയും പഠനവിധേയമാക്കുന്നതാണ്.
അന്തരീക്ഷത്തിൽ ഇരുമ്പിന്റെ അംശമേറിയതിനാൽ ചുവന്ന നിറത്തിലുമുള്ള ഈ ഗ്രഹത്തെ അടുത്തറിയാനും, ലോകം കണ്ടതിൽ വച്ച് ഏറ്റവും നല്ല ചിത്രങ്ങൾ പകർത്താനും ഈ ദൗത്യം ലക്ഷ്യമിടുന്നു. നൂറ്റാണ്ടുകളായി മനുഷ്യ മനസ്സിൽ കയറിക്കൂടിയ ഈ ചുവന്ന ഗ്രഹത്തെ കുറിച്ചുള്ള സംശയങ്ങൾ ദൂരീകരിക്കുക, അതിലൂടെ ശാസ്ത്ര മേഖലയ്ക്ക് അറിവിന്റെ പുതിയ വെളിച്ചം പകരുക എന്ന സദുദ്ദേശപരമായ ആശയവും ഈ ദൗത്യത്തിന് പിന്നിലുണ്ട്.
ചൊവ്വയിലേക്കുള്ള ഭാവി മനുഷ്യ ദൗത്യങ്ങൾക്ക് നിർണായകമാകുന്ന അറിവുകൾ ഹോപ്പ് പ്രോബ് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചൊവ്വയിലെ അന്തരീക്ഷത്തെക്കുറിച്ച് ഒരു വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന കാലയളവിൽ ഹോപ്പ് ശേഖരിക്കുന്ന സമഗ്രമായ വിവരങ്ങൾ ആഗോള ശാസ്ത്ര സമൂഹത്തിന് മുതൽക്കൂട്ടാകും. ആഗോള പൊടി കൊടുങ്കാറ്റിനെക്കുറിച്ച് ഹോപ്പ് കൂടുതൽ ധാരണ നൽകുമെന്ന് പ്രതീക്ഷിക്കുന്നതായി യൂറോപ്യൻ ബഹിരാകാശ ഏജൻസി അഭിപ്രായപ്പെട്ടിരുന്നു.
യു എ ഇയുടെ ഗോളാന്തര പര്യവേഷണ ദൗത്യമായ എമിറേറ്റ്സ് മാർസ് മിഷൻ ഹോപ്പ് പ്രോബ് ചൊവ്വാഗൃഹത്തിന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിക്കുന്ന നിമിഷത്തിന് ആശംസയർപ്പിച്ച് കൊണ്ട് രാജ്യത്തെ വിവിധ ഇടങ്ങളിൽ വർണ്ണാഭമായ ദീപാലങ്കാരങ്ങൾ ഒരുങ്ങി. യു എ ഇയിലുടനീളം ഈ വർണ്ണക്കാഴ്ച്ച ഒരുക്കുന്നതിൽ മുപ്പത് വർഷത്തോളമായി പശ്ചിമേഷ്യന് രാജ്യങ്ങളിൽ പ്രവർത്തനപരിചയമുള്ള ലൈറ്റ് ടവർ ഇല്ല്യൂമിനേഷൻസ് എന്ന മലയാളി സ്ഥാപനവും ഉൾപ്പെടുന്നു.